സൈന്യത്തെ വിമർശിച്ച് കുറിപ്പ്; അധ്യാപികയ്ക്ക് സസ്പെൻഷൻ; ‘ബലാത്സംഗ ഭീഷണി’

രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രണത്തിന് ശേഷം സൈന്യത്തെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്കിൽ കുറിപ്പിട്ട അധ്യാപികയ്ക്ക് സസ്പെൻഷൻ. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് അധികൃതർ സസ്‌പെന്‍ഡ് ചെയ്തത്. ഭീകരാക്രമണത്തെ അപലിപ്പിക്കുകയും അതിനൊപ്പം സൈന്യത്തെ രൂക്ഷമായി വിമർശിച്ചും കൊണ്ടായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പ് വിവാദമായതോടെ വൻരോഷമാണ് അധ്യാപികയ്ക്കെതിരെ ഉയർന്നത്. ഇതേ തുടന്നാണ് നടപടി. 

സൈന്യവും സേനയും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നായിരുന്നു അധ്യാപികയുടെ പക്ഷം. ‘45 ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു...’ ഇതായിരുന്നു പാപ്രി ബാനര്‍ജി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിവാദ കുറിപ്പ്.

പോസ്റ്റിന് പിന്നാലെ വലിയ ൈസബർ ആക്രമണമാണ് ഇവർക്കെതിരെ ഉണ്ടായത്. ഈ പോസ്റ്റ് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം ബലാത്സംഗ ഭീഷണികള്‍ ഇന്‍ബോക്‌സില്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അധ്യാപിക ഫെയ്സ്ബുക്കിൽ കുറിച്ചു. പാപ്രി ബാനര്‍ജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയയാള്‍ക്ക് അസം പൊലീസ് ട്വീറ്ററില്‍ നന്ദിയും രേഖപ്പെടുത്തി.