ഹംപിയിലെ പൈതൃക തൂണുകൾ തകർത്ത് യുവാക്കൾ; രോഷം കത്തുന്നു; വിഡി‌യോ

ചരിത്രത്തിന്റെ തന്നെ ഭാഗമായ ഹംപിയിൽ സന്ദർശനത്തിനെത്തിയ യുവാക്കളുടെ പരിധിവിട്ട പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാല്‍ ഒന്നായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളാണ് യുവാക്കൾ തകർത്തത്. ഇൗ വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളത്തിലെ കലാലയങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ പേർ ഹംപി സന്ദർശിക്കാറുണ്ട്. ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയും ഹംപി സ്ഥാനം പിടിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗമായ തൂണുകളെ തള്ളിതാഴെയിടുകയാണ് ഇൗ യുവാക്കൾ. ഇതിന്റെ ദൃശ്യങ്ങൾ ഇവർ തന്നെയാണ് പകർത്തിയത്. വിഡിയോ പുറത്തുവന്നതോടെയാണ് വൻരോഷം ഉയർന്നത്. സംഗീതം പൊഴിക്കുന്ന തൂണുകളായിരുന്നു ഇവിടുത്തെ പ്രത്യേകതകളിലൊന്ന്. 

തൂണുകൾ തകര്‍ത്ത യുവാക്കളെ പിടികൂടാനായി ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ക്യാംപെയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ചിലര്‍ യുവാക്കളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. കർണാടകയിൽ ബെല്ലാരി ജില്ലയിലാണ് ഹംപി.