ക്യാമറാമാൻ വേദിയിൽ നിന്നും താഴേക്ക്; പ്രസംഗം നിർത്തി മോദി; വിഡിയോ

തന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വേദിയിൽ നിന്ന് കാൽ വഴുതി വീണ ക്യാമറാമാന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതുകണ്ട മോദി പ്രസംഗം നിർത്തി അയാളെ ആശുപത്രിയിലെത്തിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുകയായിരുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ദിവസങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധിയും ഇത്തരത്തിൽ ക്യാമറാമാനെ സഹായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്ന രാഹുലിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്യാമറമാൻ കാൽവഴുതി പടവുകളിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട രാഹുൽ ഒാടിയെത്തി അയാളെ ആശുപത്രിയിലെത്തിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുകയായിരുന്നു.

മുൻപ് വേദിയിൽ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥനെ ശ്രദ്ധിക്കാതെ പ്രസംഗം തുടർന്ന മോദിയുടെ നടപടി വലിയ വിവാദമായിരുന്നു.  2013ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം.