ഗ്രാമത്തിൽ ആദ്യമായെത്തിയ ആനവണ്ടി; ആവേശം; കണ്ണുനിറഞ്ഞ് ചിലർ

ആദ്യമായി ആനവണ്ടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാനിലെ സമർത്ഥ്പുര എന്ന കൊച്ചുഗ്രാമം. സ്വാതന്ത്യം ലഭിച്ച് 71 വർഷങ്ങൾക്കിപ്പുറമാണ് ഈ ഗ്രാമത്തിലേക്ക് സർക്കാർ റോഡ് വേയ്സിന്റെ ഒരു ബസ് എത്തിയത്. ആഘോഷാരവങ്ങളോടെയാണ് ഗ്രാമത്തിലെത്തിയ ആനവണ്ടിയെ നാട്ടുകാർ സ്വീകരിച്ചത്. 

ആനവണ്ടിയുടെ വരവറിഞ്ഞ് ഗ്രാമത്തിലെ മുഴുവൻ ആളുകളും തടിച്ചുകൂടിയിരുന്നു. തട്ടവും താലവുമായാണ് ബസിന് സ്വീകരണമൊരുക്കിയത്. ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും കുറിയണിയിച്ചു. വണ്ടിയെ പുഷ്പഹാരങ്ങളാൽ അലങ്കരിച്ചു. വണ്ടിക്കുമുന്നിൽ തേ‌ങ്ങയുടച്ചു. പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടതിന്റെ ആവേശത്തിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. പിന്നാലെ മധുരവിതരണം. 

പട്ടണത്തിലേക്കുള്ള ബസ് കിട്ടണമെങ്കിൽ ഗ്രാമീണർക്ക് മൂന്ന് കിലോമീറ്റർ നടന്ന് ഹൈവേയിലെത്തണമായിരുന്നു. വല്ലപ്പോഴും സർവീസ് നടത്തിയിരുന്ന ജീപ്പുകളും കാർഷികാവശ്യങ്ങൾക്കായി പട്ടണത്തിലേക്ക് പോകുന്ന ട്രാക്ടറുകളും ഒഴിച്ചാൽ സ്ഥിരമായ ഒരു സഞ്ചാര സംവിധാനവും അന്നുവരെ ഗ്രാമത്തിൽ ലഭ്യമായിരുന്നില്ല. പുതിയ ബസ് എത്തിയതോടെ രാവിലെ എട്ടുമണിക്ക് ഒരു സർവീസ് സമർത്ഥ്പുരയിൽ നിന്ന് പട്ടണത്തിലേക്കും. വൈകുന്നേരം ഒരു സർവീസ് തിരിച്ച് ഗ്രാമത്തിലേക്കുമുണ്ടാകും.