ചോദ്യമെറിഞ്ഞ് മലയാളി വിദ്യാർഥിനി; അമ്പരന്ന് കോൺഗ്രസിലേക്ക് ക്ഷണിച്ച് രാഹുൽ, വിഡിയോ

ചോദ്യങ്ങളെ നേരിടുക എന്നതാണ് നല്ല നേതാവിന്റെ ലക്ഷണമെന്ന് തെളിയിക്കുകയാണ് യുഎഇ സന്ദർശനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്കൂൾ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഇക്കൂട്ടത്തിൽ മലയാളിയായ വിദ്യാർഥിനിയുടെ ചോദ്യം രാഹുലിന് വല്ലാതെ ഇഷ്ടപ്പെടുകയും ആ കുട്ടിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു രാഹുൽ.

പത്താം ക്ലാസ് വിദ്യാർഥി അമലാ ബാബുവിന്റെ ചോദ്യത്തിന്റെ ആഴം മനസിലാക്കിയായിരുന്നു ഒരു നിമിഷം ചിന്തിച്ച ശേഷം രാഹുലിന്റെ മറുപടി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലാണ് രാഹുലിനെ തേടി അമലയുടെ ചോദ്യമെത്തുന്നത്. ട്രാൻസ്ജെന്ററുകൾക്ക് വരെ രാഷ്ട്രീയത്തിൽ അവസരം നൽകുമ്പോൾ എന്തുകൊണ്ടാണ് ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ദേശീയ രാഷ്ട്രീയത്തിൽ അർഹിച്ച പ്രാധാന്യം കിട്ടാതെ വരുന്നത്? ഇതായിരുന്നു അമലയുടെ ചോദ്യം.

ഇതിന് രാഹുൽ കൃത്യമായ മറുപടി നൽകി. കോൺഗ്രസ് എക്കാലത്തും സ്ത്രീകൾക്ക് വലിയ പരിഗണന നൽകിട്ടുണ്ടെന്നും വനിതാ ബിൽ ഉൾപ്പെടെയുള്ളവ കോൺഗ്രസ് സർക്കാരിന്റെ നേട്ടങ്ങളാണെന്നും രാഹുൽ പറഞ്ഞു. എന്നാൽ വടക്കേ ഇന്ത്യയിൽ ചൂണ്ടിക്കാണിച്ച പോലെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെക്കേ ഇന്ത്യയിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയത്തിലുള്ളതെന്നും രാഹുൽ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് രാഹുൽ വിദ്യാർഥിനിയെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. എന്നാണ് അമല ഞങ്ങൾക്കൊപ്പം ചേരുന്നതെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടെന്നും അച്ഛൻ രാഷ്ട്രീയക്കാരനാണെന്നും ചിരിച്ചുകൊണ്ട് അമലയും മറുപടി നൽകി.  ഇരുവരുടെയും സംവാദ വിഡിയോ സോഷ്യൽ ലോകത്തും ശ്രദ്ധ നേടുകയാണ്.