'ഗംഭീരം'; ദുബായ് അമ്പരപ്പിച്ചു; കേരള ഘടകത്തിനും നന്ദി പറഞ്ഞ് രാഹുൽ

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി  വിജയമാക്കിത്തീര്‍ത്ത പ്രവര്‍ത്തകർക്കും വളണ്ടിയർമാർക്കും നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ കേരള യൂണിറ്റിന് പ്രത്യേകം നന്ദി അറിയിച്ചാണ് രാഹുലിന്റെ ട്വീറ്റ്. സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗംഭീര റാലിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും രാഹുൽ അഭിനന്ദിച്ചു.

''ദുബായിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എല്ലാ പരിപാടികളും വൻ വിജയമാക്കിത്തീർക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് സ്പോർട്സ് സ്റ്റേഡിയത്തിൽ കഴിഞ്ഞ രാത്രി സംഘടിപ്പിച്ച ഗംഭീരറാലി. കോൺഗ്രസിന്റെ കേരള യൂണിറ്റിനും വളണ്ടിയർമാർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു''-രാഹുൽ കുറിച്ചു. 

രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ രാഹുൽ കഴിഞ്ഞ ദിവസമാണ് ദുബായില്‍ പ്രവാസികളെ അഭിസംബോധന ചെയ്തത്. പതിനായിരക്കണക്കിനാളുകളാണ് രാഹുലിനെ കാണാനും കേൾക്കാനുമായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. പ്രവാസികളെയും യുഎഇ പ്രധാനമന്ത്രിയെയും പുകഴ്ത്തിയാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. 

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച രാഹുൽ, പ്രവാസികൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. 

വിഡിയോ കാണാം: