കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിൽ അപകാതയെന്ന് അഖിലേന്ത്യാ കിസാന്‍ സഭ

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ നടപടയില്‍ അപകാതയുണ്ടെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെയുള്ള രാജ്യവ്യാപക പണിമുടക്കിന് കിസാന്‍സഭ പിന്തുണ നല്‍കും. പണിമുടക്കിനോടനുബന്ധിച്ച് ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ ഗ്രാമീണ ബന്ദ് നടത്താനാണ് തീരുമാനം.

ഓരോ സാമ്പത്തിക വര്‍ഷവും കാര്‍ഷിക കടങ്ങള്‍ പുതുക്കപ്പെടുന്നതിനാല്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കടം എഴുതിത്തള്ളല്‍ നടപടികള്‍ ഫലപ്രദമല്ല. നിലവില്‍ മാര്‍ച്ചുവരെയുള്ള വായ്പകളാണ് എഴുതിത്തള്ളാന്‍ ഉത്തരവായത് എന്നാല്‍ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഡിസംബര്‍ വരെയുള്ള വായ്പകള്‍ക്ക് ആനുകൂല്യം വേണം. നടപടികള്‍ പുരോഗമിക്കുന്ന രാജസ്ഥാനിലും ഡിസംബര്‍ വരെയുള്ള കടങ്ങളുടെ മേല്‍ ആശ്വാസം വേണമെന്ന് കിസാന്‍ സഭ നേതാവും രാജസ്ഥാനിലെ സിപിഎം എം.എല്‍.എയുമായ ഗിര്‍ദരിലാല്‍ മഹിയ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഹിന്ദിഹൃദയ ഭൂമിയിലെ ബിജെപി പരാജയത്തിന് കര്‍ഷക സമരങ്ങള്‍ പ്രധാനകാരണമായി കിസാന്‍സഭ വിലയിരുത്തി. കാര്‍ഷിക വിഷയങ്ങള്‍ പ്രധാനരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യഅജന്‍ഡയാക്കേണ്ടി വന്നത് കര്‍ഷക സമരങ്ങള്‍കൊണ്ടാണ്. കര്‍ഷക പ്രശ്നങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പിലും മുഖ്യഅജന്‍ഡയാക്കാനുള്ള ഒരുക്കത്തിലാണ് കിസാന്‍ സഭ.