‘ട്രംപ് യോഗിയേക്കാള്‍ ഭേദം; മോദിക്കെന്തേ മൗനം’; യുപി കൊലയിൽ സോഷ്യല്‍ രോഷം

ബുലന്ദ്ഷഹർ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി നേതൃത്വത്തിനും സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. സംഭവത്തിൽ വിശദ അന്വേഷണത്തിന് യോഗി ഉത്തരവിട്ടെങ്കിലും മോദി മൗനം തുടരുകയാണ്. ആദ്യം പശുവിനെ കൊന്നവരെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഇത് സംബന്ധിച്ച യോഗത്തില്‍ യോഗിയുടെ നിര്‍ദേശം.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആണ് യോഗി ആദിത്യനാഥിനേക്കാൾ ഭേദമെന്ന് ഒരുകൂട്ടര്‍ വിമർശിക്കുന്നു. മോദിയുടെ മൗനവും ഇക്കൂട്ടരെ ചൊടിപ്പിക്കുന്നുണ്ട്. ബുലന്ദ്ഷഹർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും മിണ്ടാത്ത മോദി പ്രിയങ്ക–നിക്ക് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതും തെലങ്കാന, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതുമെല്ലാം വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നു. ഉമാ ഭാരതി ഒഴികെയുള്ള ബിജെപി നേതാക്കളാരും തന്നെ കലാപത്തെക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കുടുംബം ഇതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. ലക്നൗവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഡി.ജി.പി ഒ.പി. സിങ്ങ് പറഞ്ഞു. അതേസമയം, സംഘർഷത്തിന് കാരണമായ പശുവിനെ അറുത്ത സംഭവത്തിൽ പത്ത് വയസുള്ള രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ അടക്കം രണ്ടു പേർ കൊല്ലപ്പെട്ട സംഘർഷത്തിന് നേതൃത്വം നൽകിയ ബജ്റംഗ് ദൾ നേതാവ് യോഗേഷ് രാജ് അടക്കുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണ്.