നെറ്റിയിലെ സിന്ദൂരപ്പൊട്ടിനെ ചോദ്യം ചെയ്തു; ഹിന്ദുത്വത്തിന്റെ അടയാളമെന്ന് സ്മൃതിയുടെ മറുപടി

തന്റെയും കുടുംബത്തിന്റെയും ഗോത്രത്തെപ്പറ്റിയും നെറ്റിയിലെ സിന്ദൂരത്തെപ്പറ്റിയും ചോദ്യവുമായെത്തിയ ആളിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മറുപടി. തന്റെ നെറ്റിയിലെ സിന്ദൂരപ്പൊട്ട് തന്റെ ഹിന്ദുത്വത്തിന്റെ അടയാളമാണെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ബുധനാഴ്ച ട്വിറ്ററിലാണ് ഒരാൾ സ്മൃതിയുടെയും ഭർത്താവിന്റെയും കുട്ടികളുടെയും ഗോത്രത്തെപ്പറ്റി ട്വിറ്ററിൽ ചോദ്യവുമായെത്തിയത്. മന്ത്രിയുടെ നെറ്റിയിലെ സിന്ദൂരപ്പൊട്ട് മതവിശ്വാസത്തിന്റെ ഭാഗമാണോ അതോ സ്റ്റൈൽ സ്റ്റേറ്റ്മെന്റാണോ എന്നായിരുന്നു ചോദ്യം. ഇതിൽ പ്രകോപിതയായാണ് സ്മൃതി ഇറാനി മറുപടി ട്വീറ്റ് നടത്തിയത്.

‘എന്റേത് കൗശൽ ഗോത്രമാണ്. എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റ‍െയും പൂർവപിതാക്കന്മാരുടെയും ഗോത്രവും അതുതന്നെയാണ്. എന്റെ ഭർത്താവും കുട്ടികളും  സോരാഷ്ട്രിയൻമാരാണ്. അതുകൊണ്ട് അവർക്ക് ഗോത്രമില്ല. ഞാൻ അണിയുന്ന സിന്ദൂരം ഒരു ഹിന്ദു എന്ന നിലയിലുള്ള എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്.’ എന്നായിരുന്നു സ്മൃതിയുടെ മറുപടി. താൻ ഒരു പൊതുപ്രവർത്തകയാണെന്നും അ‌തുകൊണ്ടുതന്നെ തന്നോടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതിനാലാണ് മറുപടി പറഞ്ഞതെന്നും സ്മൃതി ഇറാനി പിന്നീട് വിശദീകരിക്കുകയും ചെയ്തു.