മധ്യപ്രദേശ് ആര്‍ക്കൊപ്പം..?; ഭരണം പിടിക്കാൻ കിണഞ്ഞ് ബിജെപിയും കോൺഗ്രസും

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്‍ മത്സരിക്കുന്ന ബുധ്നിയില്‍ ഇത്തവണ വാശിയേറിയ മത്സരം. കോണ്‍ഗ്രസ് മുന്‍ പിസിസി അധ്യക്ഷന്‍ അരുണ്‍യാദവിനെ സ്ഥാനാര്‍ഥി ആക്കിയതോടെയാണ് ഏകപക്ഷീയമായ മത്സര രംഗം മാറിമറിഞ്ഞത്.  അതേസമയം പ്രചരണത്തിന് മുഖ്യമന്ത്രി മണ്ഡലത്തിലേക്ക് എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.  

 സിഹോര്‍ജില്ലയിലെ ബുധ്നി കണ്ടാല്‍ ഉത്തരേന്ത്യയിലെ ഏറ്റവും ജനപ്രിയനായ ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലം എന്നൊന്നും പറയാനാവില്ല. കാര്യമായ വികസനമൊന്നും വന്നെത്തിയിട്ടില്ലാത്ത ഗ്രാമങ്ങള്‍.  മൂന്നുതവണയാണ് ചൗഹാനെ ബുധ്നിക്കാര്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് വിജയതിലകം അണിച്ച് വിട്ടത്. .2013 ല്‍ 84,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചൗഹാന് ലഭിച്ചത്.  രേഖപ്പെടുത്തിയ വോട്ടുകളുടെ 70 ശതമാനവും മുഖ്യമന്ത്രി നേടി എന്നതു തന്നെ , അദ്ദഹത്തിന്റെ സ്വീകാര്യതക്ക് ഉദാഹരണമാണ്. ഇതൊന്നും കണ്ട് ഇത്തവണയും മത്സരം ഏകപക്ഷീയമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഭരണം പിടിക്കാന്‍കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന അരുണ്‍യാദവാണ് മുഖ്യമന്ത്രിയെ നേരിടുന്നത്. 

അരുണ്‍യാദവ് ശക്തമായ പ്രചരണം അഴിച്ചുവിടുമ്പോഴും മണ്ഡലത്തിലേക്ക് ഒന്നെത്താന്‍പോലും ചൗഹാന്‍മിനക്കെടുന്നില്ലെന്നത് ബിജെപിയുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നു. ബുധ്നിയിലെ പ്രചരണം മകനെ ഏല്‍പ്പിച്ച് മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തില്‍മുഴുകിയിരിക്കുകയാണ് ചൗഹാന്‍.

ഇരുവരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ജാതിവോട്ടുകള്‍, പാര്‍ട്ടികളുടെ ഉറച്ചവോട്ടുകള്‍, എന്നിവ മാറ്റിനിറുത്തിയാല്‍, പ്രശ്നങ്ങളില്‍വലയുന്ന കര്‍ഷകരും സാധാരണക്കാരും ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാകും.