അലോക് വർമ നിര്‍ദേശം നൽകി; അജിത് ദോവലിന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം

സിബിഐ തര്‍ക്കവുമായി ബന്ധപ്പെട്ട് ഫോണ്‍ ചോര്‍ത്തല്‍ വിവാദവും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് വിവരം. സിബിഐ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിബിഐ തലപ്പത്തെ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം. അജിത് ദോവല്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ന്നതായാണ് വിവരം. ദോവല്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ വിവരങ്ങളും ചോര്‍ന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സിബിഐ ഡിഐജി മനീഷ് സിംഹ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അജിത് ദോവലിന്റെയും നിയമസെക്രട്ടറി സുരേഷ് ചന്ദ്രയുടെയും ഫോണ്‍ വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. 

ഹര്‍ജിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയുടെ നിര്‍ദേശപ്രകാരം ഫോണ്‍ ചോര്‍ത്തിയെന്നാണ് സര്‍ക്കാര്‍ നിഗമനം. സിം ക്ലോണിങ് അടക്കമുള്ള ക്രമക്കേടുകളും നടന്നതായും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ചട്ടപ്രകാരം കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അനുമതിപ്രകാരമെ ഏത് അന്വേഷണ ഏജന്‍സിക്കും ഫോണ്‍ ചോര്‍ത്താന്‍ സാധിക്കു.  സിബിഐ തര്‍ക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതില്‍ സുപ്രീംകോടതിയും കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.