ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി തള്ളണമെന്ന് അന്വേഷണസംഘം

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തളളണമെന്ന് പ്രത്യേക അന്വേഷണസംഘം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മോദിയുടെ ഗൂഢാലോചന കൃത്യമായി അന്വേഷിച്ചില്ലെന്ന് കാട്ടി ഇരയായ സാകിയ ജാഫ്രിയാണ് കോടതിയെ സമീപിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനില്ലെന്നും പ്രത്യേക അന്വേഷണസംഘം നിലപാട് വ്യക്തമാക്കി. അതേസമയം, കേസില്‍ ഇടപെടാനുളള മറ്റൊരു ഹര്‍ജിക്കാരിയായ ടീസ്റ്റ സെതല്‍വാദിന്‍റെ അധികാരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തു. 

ഇതോടെ, ഈമാസം ഇരുപത്തിയാറിന് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അഹമദാബാദിലെ ഗുല്‍ബര്‍ഗയിലുണ്ടായ കലാപത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് മുന്‍ എം.പിയുമായ എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടത് മോദിയുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് സാകിയയുടെ ആരോപണം.