അനന്ത്കുമാർ ബിജെപിയെ വളര്‍ത്തിയ ത്രിമൂര്‍ത്തികളില്‍ ഒരാൾ; തീരാനഷ്ടം

കര്‍ണാടകയില്‍ ബിജെപിയെ വളര്‍ത്തിയ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു എച്ച് എന്‍ അനന്ത് കുമാര്‍. പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ട്രബിള്‍ ഷൂട്ടര്‍. ദേശീയരാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനവലയം സൃഷ്ടിച്ചെടുത്ത തെക്കേന്ത്യയില്‍ നിന്നുള്ള ചുരുക്കം ബിജെപി നേതാക്കളില്‍ ഒരാളാണ് അനന്ത് കുമാര്‍.

ബിഎസ് യഡ്യൂരപ്പ, കെ എസ് ഈശ്വരപ്പ, അനന്ത് കുമാര്‍ കന്നഡ മണ്ണില്‍ താമരയ്ക്ക് വേരോട്ടമുണ്ടാക്കിയത് മൂവരും ചേര്‍ന്നാണ്. യഡ്യൂരപ്പയും അനന്ത് കുമാറും തമ്മിലെ നിരന്തര കലഹങ്ങള്‍‌ ഇതിന് അനുബന്ധം. ജാതിസമവാക്യങ്ങളുടെ പിന്തുണയില്ലാതെയാണ് അനന്ത്കുമാര്‍ പ്രബലനായത്. 1996ല്‍ ബെഗംളൂരു സൗത്ത് മണ്ഡലത്തില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ആര്‍ ഗുണ്ടുറാവുവിന്‍റെ ഭാര്യ വരലക്ഷ്മിക്കെതിരെ അട്ടിമറി വിജയം നേടി ശ്രദ്ധേയനായി. പിന്നീട് ബെംഗളൂരു സൗത്തില്‍ പരാജയമറിഞ്ഞിട്ടില്ല. ആര്‍എസ്എസിലൂടെ ചുവടുവയ്ച്ച് എബിവിപിയിലൂടെ സംഘടനാതലത്തിലേയ്ക്ക്. 

അടിയന്താരവസ്ഥക്കാലത്ത് പ്രക്ഷോഭരംഗത്ത്. എ.ബി വാജ്പേയിക്കു കീഴില്‍ ടൂറിസം,കായികം, വ്യോമയാന മന്ത്രാലയങ്ങളുടെ ചുമതല. അഡ്വാനിയുടെ വല്‍സലശിഷ്യനായിരുന്നെങ്കിലും മോദി തരംഗത്തില്‍ ചുവടുമാറ്റി. രാജ്യസഭയില്‍ ഭരണപക്ഷം ന്യൂനപക്ഷമായിരിക്കെ രാഷ്ട്രീയ കൗശലം ഏറെയുള്ള അനന്ത് കുമാറിനെ പാര്‍ലമെന്‍ററികാര്യമന്ത്രിയാക്കാന്‍ മോദിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജിഎസ്ടി പ്രഖ്യാപനത്തിനായി പാര്‍ലമെന്‍റിന്‍റെ പാതിരാസമ്മേളനം വിളിച്ചതടക്കം ഇത് ശരിവെച്ചു. സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രീയനേതാവ്. െഎക്യരാഷ്ട്രസഭയില്‍ കന്നഡയില്‍ സംസാരിച്ച ആദ്യവ്യക്തി. മോദി സര്‍ക്കാരിന് നഷ്ടമാകുന്നത് പാര്‍ലമെന്‍റിലെ തടസങ്ങള്‍ നീക്കുന്ന തന്ത്രശാലിയെയാണ്.