ബി.ജെ.പിയുടെ എതിർപ്പിനിടയിൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷം

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം. വ്യാപക പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തുണ്ട്. അതേസമയം എത്ര എതിര്‍പ്പുയര്‍ന്നാലും ടിപ്പു ജയന്തി ആഘോഷങ്ങള്‍ നടത്തുമെന്ന് മുഖ്യമന്തി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. കുടകില്‍ ടിപ്പു ജയന്തി വിരുദ്ധ പോരാട്ട സമിതി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

വന്‍പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ഇന്ന്  ടിപ്പു ജയന്തി അഘോഷങ്ങള്‍. ടിപ്പു ജയന്തി വിരുദ്ധ പോരാട്ട സമിതിയും, ബിജെപിയും കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്. 

അതേസമയം എന്തുവിലകൊടുത്തും ആഘോഷങ്ങള്‍ നടത്താനാണ് സർക്കാരിന്റെ തീരമാനം. സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കുടകില്‍ നിരോധനാജ്‍‍ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്ളീങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.