നാടു മുഴുവൻ അലമുറയിട്ടു; അപ്പോഴും അവർ മോഷ്ടിക്കുന്ന തിരക്കിൽ; ക്രൂരം

ഓരോ ദുരന്തകാലത്തെയും ആഘോഷമാക്കുന്നവർ എല്ലായിടങ്ങളിലും കാണും. നാടു വിറങ്ങലിച്ചു നിൽക്കുമ്പോഴും ഒട്ടും സന്ദർഭോചിതമല്ലാതെ പെരുമാറുന്നവർ. ദസറ ആഘോഷങ്ങൾക്കിടെ അമൃത്സറിലുണ്ടായ ട്രെയിന്‍ അപകടത്തിൽ നിന്നും നാട് ഇതുവരെ മുക്തമായിട്ടില്ല. അവിടെയുമുണ്ടായിരുന്നു ദുരന്തത്തെ നേട്ടമാക്കാൻ തിടുക്കം കൂട്ടിയിരുന്നവർ. 

പ്രിയപ്പെട്ടവരെ തേടി പലരും അലമുറയിട്ടും നിലവിളിച്ചും നടന്നപ്പോൾ മൃതദേഹങ്ങളില്‍ നിന്നും മുറിവേറ്റ് സഹായത്തിനായി കേണപേക്ഷിച്ചിരുന്നവരില്‍ നിന്നും പേഴ്സും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റുള്ള സാധനങ്ങളുമൊക്കെ മോഷ്ടിക്കുന്ന തിരക്കിലായിരുന്നു ചിലര്‍. കൂട്ടത്തിൽ ചില മൊബൈൽ‌ മാനിയാക്കുകളുമുണ്ടായിരുന്നു. ദുരന്തത്തെ ലൈവായി പകർത്താനുള്ള ഓട്ടത്തിലായിരുന്നു അവർ. 

ദുരന്തത്തില്‍ മരിച്ച 17 കാരന്‍ വസുവിന്‍റെ അമ്മ ജ്യോതി കുമാരിയുടെ വാക്കുകൾ: ''സംഘാടകരുടെയും ഭരണാധികാരികളുടെയും അശ്രദ്ധ മൂലം എനിക്ക് എന്‍റെ മകനെ നഷ്ടമായി. എന്നാല്‍ അവന്‍റെ മൃതദേഹം പരിശോധിച്ച ആശുപത്രി അധികൃതരാണ് അതിലും വലിയ ക്രൂരന്‍മാര്‍ ആ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞത്. കാരണം, അവന്‍റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും പേഴ്‍സും മൊബൈല്‍ ഫോണുമൊക്കെ ആരോ മോഷ്ടിച്ചിരുന്നു.'' സമാന അനുഭവമുള്ള മറ്റുള്ളവരുമുണ്ട്. 

ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ കയറി നിന്ന ജനങ്ങളുടെ ഇടയിലേക്ക് പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്.