അപകട മരണങ്ങള്‍ക്ക് സാക്ഷിയായി; മനോവേദനയില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

തന്റെ കൺമുന്നിൽ നടന്ന വാഹനാപകടം തന്നെ വേട്ടയാടുന്നുവെന്നും തനിക്ക് ഇനി സ്വസ്ഥമായ ജീവിതം നയിക്കാനാകുന്നില്ലെന്നും കത്തെഴുതി മഹാരാഷ്ട്രയിൽ 19 കാരനായ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു. സൗരഭ് മഗ്പൂര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഞായാറാഴ്ച ഫാനിൽ തൂങ്ങിമരിച്ചത്. സഹോദരിയുടെ ഷാളിൽ തൂങ്ങിയായിരുന്നു ആത്മഹത്യ.

കഴിഞ്ഞ മാസം നടന്ന വാഹനാപകടത്തിന് ദൃക്സാക്ഷിയായതിനെ തുടർന്ന് മാനസികവിഷമത്തിലായിരുന്നു സൗരഭ്. ഈ സംഭവം തന്നെ വേട്ടയാടുന്നതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ആത്മഹത്യാക്കുറിപ്പിൽ പരമാർശമുണ്ട്. കത്തിലൂടെ മാതാപിതാക്കളോട് മാപ്പിരന്ന സൗരഭ് രക്ഷിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരിയോട് ആവശ്യപ്പെടുന്നുമുണ്ട്. സൗരഭിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അടക്കം ചെയ്തു. വാഹനാപകടത്തിന് ദൃക്സാക്ഷിയായ ശേഷം തന്റെ ജീവിതം തകിടം മറിഞ്ഞതായി കൗമാരക്കാരന്‍ ആത്മഹത്യാ കുറിപ്പില്‍പറയുന്നു. 

ഒരു മാസം മുൻപ് ഉമ്രർ റോഡിൽ തന്റെ മുൻപിൽ മരിച്ച ആൺകുട്ടിയുടെ ആത്മാവ് തന്നെ മാടിവിളിക്കുന്നതായി സൗരഭ് ആത്മഹത്യാക്കുറിപ്പിൽ എഴുതി. അടുത്തിടെ ദാരുണമായ രണ്ട് അപകട മരണങ്ങൾക്കാണ് സൗരഭ് സാക്ഷിയാകേണ്ടി വന്നത്. ആദ്യത്തെ മരണം ആൺകുട്ടിയുടേതായിരുന്നു. അതിനു ശേഷം സൗരഭിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആൺകുട്ടിയുടെ ആത്മാവ്  തന്നെ വേട്ടയാടുന്നതായി സൗരഭ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

ആണ്‍കുട്ടിയുടെ അപകടമരണത്തിന് ശേഷമാണ് യുവതി മരിക്കുന്നതിനും സൗരഭ് ദൃക്സാക്ഷിയായത്. ഇതിന് ശേഷം പെരുമാറ്റത്തില്‍മാറ്റം വന്ന സൗരഭ് സെപ്റ്റംബറില്‍തന്റെ ജന്മദിനം ഒരു അനാഥാലയത്തിലാണ് ആഘോഷിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇനി മുതൽ ഇത്തരത്തിലാണ് നാമെല്ലാവരും ജൻമദിനം ആഘോഷിക്കേണ്ടതെന്നും, എന്നേക്കാൾ സന്തോഷം ആഗ്രഹിക്കുന്നവർ ചുറ്റിലുമുണ്ടെന്ന് സൗരഭ് പറഞ്ഞതായി സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.