കുരുക്ക് മുറുകി സിനിമയും; ഒാലോൻദിന്റെ പങ്കാളിക്ക് വേണ്ടി അംബാനിയുടെ ഇടപെടൽ

2016ലെ റിപ്പബ്ലക്ക് ദിനാഘോഷത്തിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒാലോൻദോയായിരുന്നു മുഖ്യാതിഥി. അന്ന് തന്നെയാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 റാഫേൽ ജെറ്റുകളുടെ കൈമാറ്റത്തിന് ധാരണാ പത്രം ഒപ്പിടുന്നത്. ഇതിന് രണ്ട് ദിവസം മുൻപ്  ജനുവരി 24ാം തിയ്യതി റിലയൻസുമായി ചേർന്ന് ഒാലോൻദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗായറ്റിന്റെ ‘റോഗ്’ ഇന്റർ നാഷണലുമായി ചേർന്ന് സിനിമ നിർമാണം പ്രഖ്യാപിക്കുന്നത്. സിനിമ പ്രഖ്യാപിച്ച അതെ ദിവസം തന്നെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഫ്രാൻസ്വേ ഒാലോൻദ് ഡൽഹിയിൽ എത്തിയത്. 

റിലയന്‍സ് എയ്റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന കമ്പനിയാണ് റാഫൽ ഇടപാട് സ്വന്തമാക്കിയത്. 59000 കോടി രൂപക്കാണ് കമ്പനി ഇത് നേടിയത്. റാഫാൽ ഇടപാട് സ്വന്തമാക്കനാണ് ഈ കമ്പനി രൂപവൽകരിച്ചത് എന്നതാണ് പ്രധാന ആക്ഷേപം. പൊതു മേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്നാണ് റിലയൻസിന് കരാർ ലഭിച്ചത്. 2016 ഒക്ടോബർ 3നാണ് റിലയൻസ് ദാസോൾട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചത്. ദാസോൾട്ട് റിലയൻസ് എയ്റോ സ്പേസിൽ 51 ശതമാനം ഓഹരി പങ്ക് റിലയൻസിനാണ്. ബാക്കി 49 ശതമാനം ദാസോൾട്ട് ഏവിയേഷ‍നും. തുടർന്ന് ഒരു വർഷത്തിനു ശേഷം 2017 ഒക്ടോബർ 27ന് എറിക് ട്രാപിയറും അനിൽ അംബാനിയും ചേർന്ന് നാഗ്പൂരിൽ കമ്പനിക്ക് തറക്കല്ലിട്ടു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, കേന്ദ്ര മന്ത്രിനിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുയും ചെയ്തു. 

2017 ഡിസംബർ 20 ന് അനിൽ അംബാനിയും ജൂലി ഗായറ്റും ചേർന്ന് നിർമിച്ച സിനിമ റിലീസ് ചെയ്യുന്നു. പക്ഷെ സിനിമയിൽ എവിടെയും തന്നെ നിർമാണ പങ്കാളിത്തത്തിൽ റിലയൻസിന്റെ പേര് പരാമർശിച്ചില്ല. 98 മിനുട്ടുള്ള ഫ്രഞ്ച് സിനിമ ടൗട് ലാ ഹൗട് സ്പെയിനിലെ സാൻ സെബാസ്റ്റിയൻ അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യു.എ.ഇ അടക്കമുള്ള എട്ട് രാജ്യങ്ങളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. നിക്ഷേപകമ്പനിയായ വിസ് വെയേർസ് ആയിരുന്നു സിനിമക്ക് വേണ്ടി പണമിറക്കിയിരുന്നത്. ഇതിന് മുൻപും വിസ് വെയേർസ് അനിൽ അംബാനിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ സിനിമ നിർമാണത്തിന് റാഫേൽ കരാറുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ഒാലോൻദ് പറഞ്ഞിരുന്നു. 2012 മെയ് മുതൽ 2017 മെയ് വരെയാണ് ഫ്രാൻസിന്റെ പ്രസിഡന്റ് പദവിയിൽ ഓലോൻദോ സേവനമനിഷ്ടിച്ചത്. 2014 ജനുവരിയിലാണ് ജൂലി ഗായറ്റുമായിയുള്ള ബന്ധം പരസ്യമാക്കിയത്.