എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റിനെ കൊന്നത് 30,000 രൂപക്കുവേണ്ടി? മൊഴി; ദുരൂഹത

30,000 രൂപക്കുവേണ്ടിയാണ് എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് സാങ്‌വിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ കാബ് ഡ്രൈവർ സർഫറാസ് ഷെയ്ഖ് പൊലീസിനോട്. കഴിഞ്ഞ ബുധനാഴ്ച കാണാതായ സിദ്ധാര്‍ഥിന്റെ മൃതദഹേം നവി മുംബൈയിലാണ് കണ്ടെത്തിയത്. കാണാതായ അന്നുരാത്രി തന്നെ സിദ്ധാർഥ് കൊല്ലപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

പുതിയ ബൈക്കിന്റെ വായ്പ തിരിച്ചടവിന് 30,000 രൂപ സർഫറാസിന് ആവശ്യമായിരുന്നു. സിദ്ധാർഥിനോട് ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. ഇതോടെ ഭീഷണിപ്പെടുത്തി. സിദ്ധാർഥ് ഒച്ചവെച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് സർഫറാസിന്റെ മൊഴി. 

മൃതദേഹം കാറിനുള്ളിൽ ഒളിപ്പിച്ചശേഷം കാർ താനെ ജില്ലയിലെ കല്യാൺ പ്രദേശത്ത് ആദ്യം ഉപേക്ഷിച്ചു. പിന്നീട് കാർ നവി മുംബൈയിലേക്ക് മാറ്റി.

സർഫറാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാറും മൃതദേഹവും കണ്ടെത്തിയത്. സിദ്ധാർഥിനെ കൊലപ്പെടുത്താനുപയോഗിച്ചെന്ന് കരുതുന്ന കത്തിയും കണ്ടെടുത്തു. 

കാണാതായ മൂന്നാം ദിവസം സിദ്ധാർഥിന്റെ പിതാവിന് ഒരു ഫോൺകോൾ വന്നിരുന്നു. മകൻ സുരക്ഷിതനാണെന്നും പേടിക്കേണ്ടെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്. 

സിദ്ധാർഥിന്റെ ഫോണിൽ മറ്റൊരു സിം ഇട്ട് സർഫറാസ് തന്നെയാണ് പിതാവിനെ വിളിച്ചതെന്നാണ് പൊലീസ് നിഗമനം. 

തൊഴിൽപരമായ അസൂയയാണ് കൊലക്ക് കാരണമെന്നും സഹപ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നും ആദ്യം വാദമുയർന്നിരുന്നു.