സുപ്രീംകോടതി ഞങ്ങളുടേത്, രാമക്ഷേത്രം പണിയും; ബിജെപി മന്ത്രി: വിവാദം

സുപ്രീം കോടതി തങ്ങളുടേതാണെന്നും അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുമെന്നുമുള്ള വിവാദപ്രസ്താവനയുമായി ബിജെപി മന്ത്രി. ഉത്തർപ്രദേശ് സഹകരണമന്ത്രി മന്ത്രി മുകുത് ബിഹാരി വര്‍മ്മയുടേതാണ് പ്രസ്താവന.  അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ട് വര്‍മ പറഞ്ഞു.

''അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.സുപ്രീം കോടതിയും നിയമവ്യവസ്ഥയും ഭരണസംവിധാനങ്ങളും രാജ്യവും നമ്മുടേതാണ്'', വർമ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി വർമ നേരിട്ട് രംഗത്തെത്തി. താൻ ഉദ്ദേശിച്ചത് രാജ്യത്തെ ജനങ്ങള്‍ എന്നനിലയില്‍ സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നാണ്, അല്ലാതെ കോടതി ബി.ജെ.പി യുടെ ഭാഗമാണ് എന്നല്ല അർത്ഥമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ബഹ്‍റെയ്ച്ചിലുള്ള കൈസൻഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുകുത് ബിഹാരി വര്‍മ്മ.