പൊന്നിന്‍റെ ചോറ്റുപാത്രവും കപ്പും സോസറും കളവുപോയി; അന്വേഷണം ഊര്‍ജിതം

ഹൈദരാബാദിലെ നൈസാം മ്യൂസിയത്തിൽ നിന്നും പുരാവസ്തുക്കൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഉൗർജിതം. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു സ്വർണ ചോറ്റുപാത്രവും രത്നങ്ങൾ പതിപ്പിച്ച കപ്പും സോസറും സ്വർണ കരണ്ടിയുമാണ് മോഷണം പോയത്. എകദേശം 50 കോടിയോളം മതിപ്പുവില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. 

മ്യൂസിയത്തിന്റെ മൂന്നാം ഗ്യാലറിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് കവർന്നത്. മ്യൂസിയത്തിനുള്ളിൽ കടന്ന് ഇത്തരത്തിലൊരു മോഷണം നടത്തിയതിന് പിന്നിൽ വമ്പൻ സംഘങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി 15 അംഗസംഘത്തെയും സർക്കാർ നിയോഗിച്ചു. ഞായറാഴ്ച രാത്രിയാണ് മ്യൂസിയത്തിനുള്ളിൽ മോഷണം നടന്നത്. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് വസ്തുക്കൾ കാണാതായ വിവരം അധിതൃതർ അറിയുന്നത്. 

ഒന്നാം നിലയുടെ വെന്റിലേറ്റർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. ഹൈദരാബാദിലെ അവസാന നൈസാം ഒസ്മൻ അലി ഖാന്റെ കാലത്ത് ഉപയോഗിച്ചിരുന്ന അമൂല്യവസ്തുക്കളാണ് മോഷണം പോയത്.