മതമില്ലാത്ത സ്നേഹം; അമ്മ ഉപേക്ഷിച്ച ബാലികയെ കോടതി പോറ്റമ്മയ്ക്ക് തിരികെ നൽകി

പ്രതീകാത്മക ചിത്രം, കടപ്പാട് ഇന്റർനെറ്റ്

അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളർത്തിയ മുസ്‌ലിം കുടുംബത്തെ തിരികെ ഏൽപിച്ചു ബോംബെ ഹൈക്കോടതി. രണ്ടു വയസ്സുള്ളപ്പോൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു തള്ളിയത്. പോറ്റമ്മയുടെ കൂടെ പോയാൽ മതിയെന്നും അതാണു തന്റെ വീടെന്നും പതിനാലുവയസ്സുകാരി മൊഴി നൽകി.

ആരോരുമില്ലാത്ത പെൺകുട്ടിയെ മുസ്‍ലിം കുടുംബമാണു സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ 12 കൊല്ലം വളർത്തിയത്. എന്നാൽ, ഏതാനും മാസം മുൻപ് കുട്ടിയെ അമ്മയും പുരുഷസുഹൃത്തും ചേർന്നു ബലമായി പിടിച്ചുകൊണ്ടുപോവുകയും കുടുംബം ഇതിനെതിരെ ശിശുക്ഷേമസമിതിയെ സമീപിക്കുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയെ രണ്ടുമാസം ബാലിക സദനത്തിലാക്കി. 

വീടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞ കുട്ടിയെ അനാവശ്യമായി അനാഥാലയത്തിലാക്കേണ്ടിവന്നുവെന്നു കോടതി നിരീക്ഷിച്ചു. സ്വഭാവദൂഷ്യമുള്ള അമ്മയ്ക്കൊപ്പം വിടുന്നതു കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തി.