മദ്യപിച്ചെത്തി കുഞ്ഞിന്റെ തല ഓട്ടോയിലിടിച്ച് പിതാവ്: ക്രൂരതയുടെ വിഡിയോ പുറത്ത്

മദ്യപിച്ച് ലക്കുകെട്ടെത്തിയ പിതാവ് മൂന്നു വയസ് മാത്രം പ്രായമുള്ള ആൺ കുഞ്ഞിന്റെ തല ഓട്ടോയിലിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാര്യയുമായി വഴക്ക് ഉണ്ടായതിന്റെ അരിശം തീർക്കാനാണ് ഈ ക്രൂരത കാണിച്ചത്. ഹൈദരാബാദിലെ ശ്രീനിവാസനഗർ കോളനി നിവാസിയായ ശിവ ഗൗഡാണ് വീടിന് സമീപമുള്ള തെരുവിൽ വച്ച് ഭാര്യയുമായി കലഹിക്കുകയും കുട്ടിയെ യാതൊരു ദയയും കൂടാതെ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിക്കുകയും ചെയ്തത്. 

സംഭവമറിഞ്ഞ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ അക്രമാസക്തനാകുകയായിരുന്നു. കുട്ടിയെ വെറുതെ വിടാൻ യാചിച്ച് ഇയാളുടെ ഭാര്യ കരയുന്നതും വിഡിയോയിൽ വ്യക്തമായി കേൾക്കാം. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.ചെറിയ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നിന്നും കുട്ടിയെ ശിശു സംരക്ഷണ വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഭർത്താവിനെതിരെ പരാതി നൽകാൻ കുട്ടിയുടെ അമ്മ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

സംഭവം നടന്ന സ്ഥലത്ത് ഓടിക്കൂടിയവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിഡിയോ പ്രചരിച്ചതോടെ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പിതാവിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ്  ഉയരുന്നത്.