ആത്മഹത്യയോ കൂട്ടക്കൊലയോ? ഇനി രക്ഷ ‘മനഃശാസ്ത്ര’ പോസ്റ്റുമോര്‍ട്ടം: അതിങ്ങനെ

രാജ്യത്തെ നടുക്കിയ ബുരാരി കൂട്ടമരണം നാളുകള്‍ക്കിപ്പുറവും പൊലീസിനെ ആശയകുഴപ്പത്തിലാഴ്ത്തുകയാണ്. കൂട്ട ആത്മഹത്യയെന്ന് പലവട്ടം ഉറപ്പിക്കുമ്പോഴും പന്ത്രണ്ടാമന്റെ സാന്നിധ്യമുണ്ടോ എന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരിക്കാറായില്ല. 200 ഓളം ആളുകളെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മുഴുകും തോറും ദുരൂഹതയുടെ ആഴം വർധിക്കുന്നതല്ലാതെ കുരുക്ക് അഴിച്ചെടുക്കാൻ ആകുന്നില്ല. മനഃശാസ്ത്ര പോസ്റ്റുമോർട്ടമാണ്  ഇനി പൊലീസിന് മുൻപിലുളള ഫലപ്രദമായ മാർഗം. 

പ്രാഥമിക അന്വേഷണം എല്ലാം തന്നെ ചെന്നെത്തി നിൽക്കുന്നത് ആത്മഹത്യയിലാണെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ ഉറപ്പിക്കാനാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമായിരിക്കും മനഃശാസ്ത്ര പോസ്റ്റുമോർട്ടം എന്ന സാധ്യത ഉപയോഗപ്പെടുത്തുക. മരിച്ചവരുടെ ബന്ധു മിത്രാദികളെയും അവരുമായി അടുപ്പമുള്ളവരെയും കണ്ട്​ വിവരങ്ങൾ ചോദിച്ചറിഞ്ഞ്​ മരിച്ചവരുടെ മാനസിക നില അറിയാനുളള ശ്രമമാണ് സൈക്കോളജിക്കൽ ഒാ​േട്ടാപ്​സി. മരണത്തിലേയ്ക്ക് വ്യക്തികളെ നയിച്ച മാനസിക നിലയാണ് പ്രധാനമായും പരിശോധിക്കുക. വ്യക്തികൾ, ഡയറികുറിപ്പുകൾ, സംഭാഷണ ശകലങ്ങൾ, എഴുത്തുകുത്തുകൾ തുടങ്ങി വ്യക്തികളെ സംബന്ധിക്കുന്ന എല്ലാ രേഖകളും സൈക്കോളജിക്കൽ ഓട്ടോപ്സിയിൽ പരിശോധനവിധേയമാക്കും. 

മരണമടഞ്ഞ പ്രിയങ്ക ഭാട്ടിയ(33)യുടെ പ്രതിശ്രുതവരനെ പൊലീസ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം  ചെയ്യലിൽ തനിക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു പ്രതിശ്രുത വരൻ ആവർത്തിച്ചു. കൊലപാതകമാണെന്ന് ബന്ധുക്കൾ തുടരെ തുടരെ ആവർത്തിക്കുന്നത് പൊലീസിനെ സമ്മർദത്തിലാക്കിയിരുന്നു.

ഒന്നിലധികം കയ്യക്ഷരങ്ങളിൽ എഴുതപ്പെട്ട ഡയറിക്കുറിപ്പുകളുടെ ആധികാരിത ഇതു വരെ സ്ഥിരീകരിക്കാനായിട്ടില്ല. 2.5 അടി ഉയരമുളള സ്റ്റൂളിൽ കയറി നിന്ന് ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ മൃതദേഹങ്ങളുടെ കാലുകൾ നിലത്ത് മുട്ടുന്ന രീതിയിൽ കാണപ്പെട്ടത് കൊലപാതകമാണെന്ന വാദത്തെ ബലപ്പെടുത്തുന്നതുമാണ്. സംഭവം നടന്ന അന്നു പുലർച്ചെ 2 മണി മുതൽ 4 വരെയുളള പവർകട്ട് ബോധപൂർവ്വമാണെന്ന ബന്ധുക്കളുടെ വാദം തളളാനും കൊളളാനും വയ്യാത്ത അവസ്ഥയിലാണ് പൊലീസ്. സംഭവം നടന്ന അന്നും അതിനു മുൻപുള്ള ദിവസവും സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും ക്യാമറയുടെ വയറുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തിയതും പൊലീസിനെ കുഴക്കുന്നുണ്ട്. 

മരിച്ച നാരായണീദേവിയുടെ കഴുത്തിൽ ആരോ ബെൽറ്റ് മുറുക്കിയ പാടുകൾ ഉണ്ടായിരുന്നു. മരിച്ച പ്രതിഭ ഭാട്ടിയയുടെ കഴുത്തിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. മരണം നടന്ന വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. ഭാട്ടിയ കുടുംബം അന്ധവിശ്വാസമുള്ളവരായിരുന്നില്ലെന്നും അവർ താന്ത്രിക് പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായി യാതൊരറിവുമില്ലെന്നും അയൽവാസികളിൽ ചിലർ ഉറപ്പിച്ചു പറയുന്നു. വളരെ സാധാരണക്കാരായ മധ്യവർത്തി കുടുംബം ആയിരുന്നു ഇവരുടേതെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു.

കൂട്ട ആത്മഹത്യയ്ക്കിടെ ഒരാൾ അവസാന നിമിഷം ശ്രമം നടത്തിയെന്ന കണ്ടെത്തലും ദുരുഹത വർധിപ്പിക്കുന്നുണ്ട്. കുടുംബത്തിലെ മൂത്ത മകനായ ഭുവ്നേഷ് ഭാട്ടിയയാണ് രക്ഷപെടാൻ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നത്. മരണത്തെ അഭിമുഖീകരിച്ച ഒരാൾ എങ്കിലും രണ്ടാമതൊന്ന് ചിന്തിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഈ ഫലം പരാജയപ്പെടുകയായിരുന്നു.വീട്ടിലെ മേൽക്കൂരയിലെ വെന്റിലേറ്റർ ഗ്രില്ലിൽ തൂങ്ങി മരിച്ച നിലയിലാണ് ഭുവ്നേഷ് ഭാട്ടിയയെ കണ്ടെത്തിയത്. എന്നാൽ ഇയാളുടെ ഒരു കൈ വായുവിൽ കഴുത്തിനടുത്തായിട്ടാണ് കണ്ടത്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ സൂചനയാണെന്നാണ് പൊലീസ് പറയുന്നത്. 

മരിച്ച 11 പേരിൽ 10 പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം നിലത്തുനിന്നുമാണ് കിട്ടിയത്. മറ്റ് മൃതദേഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഭുവ്നേഷിന്റെ വായിൽ ഒട്ടിച്ച ടേപ്പ് പകുതിയോളം ഊരിയ നിലയിലും ആയിരുന്നു. ഇത് ഇയാൾ അപകടം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചതിന്റ ഭാഗമായിരിക്കുമെന്നും പൊലീസ് കരുതുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ പുരോഗതിയില്ലാത്തത് പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. സൈക്കോളജിക്കൽ ഓട്ടോപ്സിയിലൂടെ ഭാട്ടിയ കുടുംബത്തിന്റെ നിഗൂഡതകൾ അഴിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.