കടംവീട്ടണം; മകളെ ഒന്നര ലക്ഷത്തിന് വിറ്റു; ഭാര്യക്കും വിലയിട്ടു: ഞെട്ടി പൊലീസ്

ലോണടയ്ക്കാൻ നിർവാഹമില്ലാതെ വന്നതോടെ സ്വന്തം മകളെ വിൽക്കാനൊരുങ്ങി ഒരു അച്ഛൻ. ആന്ധ്രാ പ്രദേശിലാണ് സംഭവം. 15 ലക്ഷത്തോളം രൂപയാണ് ഇയാൾക്ക് വായ്പാ ഇനത്തിൽ അടക്കേണ്ടത്. ഇതിനായാണ് പ്രായപൂർത്തിയാകാത്ത മകളുടെ മാനത്തിന് ഇയാൾ വിലയിട്ടത്. നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്. ഒരു മാസം മുൻപ് ഇയാൾ മറ്റൊരു യുവാവിന് കുട്ടിയെ നൽകാമെന്ന് ഉറപ്പ് നൽകി. പെണ്‍കുട്ടി കുറച്ചുകൂടി വളരാൻ കാത്തിരിക്കുകയാണ് ഇരുവരും. ഒന്നരലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. അവൾ പ്രായപൂർത്തിയാകുന്നതു വരെ മറ്റൊരു പുരുഷന്റെയും കണ്ണിൽപെടാതെ നോക്കണം എന്നാണ് വാങ്ങുന്നയാളുടെ വ്യവസ്ഥ എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. താൻ അടുത്തിടെയാണ് ഭർത്താവിന്‍റെ പദ്ധതിയെക്കുറിച്ച് അറിയുന്നത്. എല്ലാ മക്കളെയും അയാൾ വിൽക്കുമോ എന്ന് പേടിയുണ്ടെന്നും അവർ പറയുന്നു. പൊലീസിൽ ഇവർ പരാതി നല്‍കിയിട്ടുണ്ട്.



പെൺകുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. മദ്യപാനിയായ ഇയാൾ 5 ലക്ഷം രൂപയ്ക്ക് ഭാര്യയെയും വിൽക്കാൻ ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തി. ജില്ല സ്ത്രീ ശിശുക്ഷേമ പ്രവർത്തകർ ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. ഇത് തന്റെ തീരുമാനമാണെന്നും മക്കളെ തനിക്ക് തോന്നുന്നപോലെ ഉപയോഗിക്കുമെന്നും ഇയാൾ പറയുമെന്ന് ഭാര്യ പരാതിയിൽ ആരോപിക്കുന്നു. 'ഭർത്താവിനെ ഭയന്ന് ഞാനും കുട്ടികളും ഇപ്പോൾ എന്റെ വീട്ടിലാണ് താമസം. പക്ഷേ ഇവിടെയും അയാൾ വന്ന് ഞങ്ങളെ ഉപദ്രവിക്കാറുണ്ട്.'  അവർ പറയുന്നു.

എന്നാൽ പരാതി കൊടുത്തിട്ടും പൊലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കേസെടുക്കുമെന്ന് പറയുക മാത്രമാണ് ചെയ്തത്. കേസ് ഫയൽ ചെയ്യാതെ അനുനയത്തിനുള്ള നീക്കമാണ് പൊലീസിന്റേതെന്നും ഇത് അനുവദിക്കില്ലെന്നും സ്ത്രീ ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കി. ഇത് ഗുരുതരമായ സംഭവമാണെന്നും ജില്ലാ ശിശുക്ഷേമസമിതിയുടെ ഭാഗത്ത് നിന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.