കമല്‍ഹാസന്‍ പുറത്തിറക്കിയ അഴിമതി വിരുദ്ധ മൊബൈല്‍ ആപ്ലിക്കേഷന്‍ വന്‍ സ്വീകാര്യത

കമല്‍ഹാസന്‍ പുറത്തിറക്കിയ അഴിമതി വിരുദ്ധ മൊബൈല്‍ ആപ്ലിക്കേഷനായ മയ്യം വിസിലിന് വന്‍ സ്വീകാര്യത. അരലക്ഷത്തിലധികം പരാതികളാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ലഭിച്ചത്. തമിഴ്നാട്ടിലെ അഴിമതി വിവരങ്ങള്‍ കൂടാതെ മാലിന്യ പ്രശ്നമടക്കമുള്ള സാമൂഹ്യ വിഷയങ്ങളും ആപ്ലിക്കേഷനിലൂടെ ഉന്നയിക്കുന്നുണ്ട്. പ്രത്യക്ഷ സമരത്തിലേക്ക് എത്താതെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് കവിയും മക്കള്‍ നീതി മയ്യം വക്താവുമായ സ്നേഹന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അഴിമതി വിവരങ്ങള്‍ കൂടാതെ കുടിവെള്ള ക്ഷാമം, റോഡുകളുടെ ശോചനീയാവസ്ഥ, ജനവാസ കേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപം, തടാകങ്ങളില്‍ മാലിന്യം തള്ളല്‍ തുടങ്ങയ വിഷയങ്ങളും മയ്യം വിസില്‍ ആപ്ലിക്കേഷനിലൂടെ  ചൂണ്ടിക്കാട്ടുന്നുണ്ട്. വിദഗ്ദരടങ്ങിയ സംഘമാണ് പരാതികള്‍ പരിശോധിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഗ്രാമപ്രദേശങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. 

മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകഗ്രാമങ്ങളില്‍ നടപ്പാക്കിവരികയാണ്, പാര്‍ട്ടി വോളന്‍റിയര്‍മാരുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറ്റമുണ്ടാക്കാനാകും എന്നാണ് കമല്‍ഹാസനും കണക്കുകൂട്ടുന്നത്.