കശ്മീരിൽ വെടിവയ്പ്പ്; നാല് ജവാന്‍മാർ കൊല്ലപ്പെട്ടു

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ രൂക്ഷമായ വെടിവയ്പില്‍ നാല് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രി പത്ത് മുപ്പതിന് ആരംഭിച്ച പാക് വെടിവയ്പും ഷെല്ലിങും പുലര്‍ച്ചെ വരെ നീണ്ടു.

ബി.എസ്.എഫ് അസിസ്റ്റന്‍റ് കമന്‍ഡാന്‍റ് ജിതേന്ദര്‍ സിങ്, സബ് ഇന്‍സ്പെക്ടര്‍ രജനീഷ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ രാംനിവാസ്, കോണ്‍സ്റ്റബിള്‍ ഹന്‍സ്‍രാജ് തുടങ്ങിയവരാണ് വീരമൃത്യു വരിച്ചത്. സാംബ ജില്ലയിലെ ചാംലിയാലില്‍ പട്രോളിങ് നടത്തുകയായിരുന്നു ബി.എസ്.എഫ് സംഘം. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നേരേ രൂക്ഷമായ വെടിവയ്പ് നടത്തുകയായിരുന്നു. പാക് നടപടി അതീവഗൗരവമുളളതെന്നും സൈന്യം തക്കതായ തിരിച്ചടി നല്‍കുമെന്നും ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത പ്രതികരിച്ചു.

പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ബി.എസ്.എഫ് ഐ.ജി രാംഅവതാര്‍ പറഞ്ഞു. വിശുദ്ധമാസത്തില്‍ തുടര്‍ച്ചയായ എട്ടാംതവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാക് ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി.