ജനം ആഗ്രഹിക്കുന്നെങ്കിൽ രാഹുല്‍ പ്രധാനമന്ത്രിയാകുക തന്നെ ചെയ്യും: തേജസ്വി യാദവ്

പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആർക്കും തടയാാകില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പിതാവ് ലാലു പ്രസാദ് യാദവിന്‍റെ അസാന്നിദ്ധ്യത്തിൽ ബിഹാറിലെ മോദി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനാണ് ഇരുപത്തിയെട്ടുകാരനായ തേജസ്വി യാദവ്. പുതിയ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ താരമായിരിക്കുകയാണ് ഈ യുവനേതാവ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ മോദിയെ തുരത്താൻ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുമ്പോഴാണ് രാഹുലിന് തേജസ്വിയുടെ വാഴ്ത്തുപാട്ട്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തേജസ്വി നിലപാട് വ്യക്തമാക്കിയത്. മുതിർന്ന പ്രാദേശിക നേതാക്കള്‍ക്ക് രാഹുലിനോട് അതൃപ്തിയുണ്ടെന്നും മറ്റൊരു പ്രാദേശിക നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വരുമെന്നും വാർത്തകളുണ്ടായിരുന്നു. 

2014 ല്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതുപോലെ 2019 ല്‍ കോൺഗ്രസ് വലിയ രാഷ്ട്രീയ പാർട്ടിയായാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിപദം അവകാശപ്പെടാം. അതിൽ തെറ്റില്ല. മറ്റേതെങ്കിലും പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നതെങ്കിൽ പ്രധാനമന്ത്രിപദം അവർക്കും അവകാശപ്പെടാം. ഒരു ജനാധിപത്യരാജ്യത്ത് ഏതൊരു രാഷ്രീയ പാർട്ടിക്കും അതിനുള്ള അവകാശമുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. 

അഭിമുഖത്തില്‍ മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷഭാഷയിലാണ് തേജസ്വി വിമര്‍ശനം ഉന്നയിക്കുന്നത്.