ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീ‍‍ഡിയോ

ഡല്‍ഹിയില്‍ നിന്നും  വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ആന്ധ്രാ പ്രദേശ് എസി സൂപ്പര്‍ ഫാസ്റ്റ്  എക്സ്പ്രസില്‍ വന്‍ തീപിടിത്തം. ട്രെയിനിലെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമുണ്ടായിട്ടില്ലെന്നും യാത്രക്കാരെ സുരക്ഷിതരായി മാറ്റാന്‍ കഴിഞ്ഞുവെന്നുമാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു.മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിര്‍ലനഗര്‍ സ്റ്റേഷനടുത്തുവെച്ചാണ് അപകടം ഉണ്ടായത്. 

രാവിലെ 11.50നാണ് സംഭവം. ബി.6, ബി.7 കോച്ചുകളിലാണ് തീ പടര്‍ന്നത്. തീപിടിത്തമുണ്ടായ കോച്ചുകള്‍ ഉടന്‍തന്നെ ട്രെയിനില്‍ നിന്നും വേര്‍പെടുത്തി. ഇലക്ട്രിക് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 1.10 ഓടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.