തിരുത്തിയ രാഷ്ട്രീയ പ്രമേയത്തിലും സിപിഎമ്മിൽ തർക്കം

തിരുത്തിയ രേഖയിലും തർക്കം. ഐക്യമുറപ്പിക്കാൻ പാർട്ടി കോൺഗ്രസ് പാസാക്കിയ തിരുത്തിയ രാഷ്ട്രീയപ്രമേയത്തിലും സി പി എമ്മിലെ തർക്കവസാനിക്കുന്നില്ല. സഹകരണത്തിനുള്ള വാതിലുകള്‍ തുറന്നെന്ന് യച്ചൂരിപക്ഷം വ്യാഖ്യാനിക്കുമ്പോള്‍ ബംഗാള്‍ മോഡല്‍ കോണ്‍ഗ്രസ് സഖ്യം അസാധ്യമെന്ന് കാരാട്ട് പക്ഷം തീര്‍ത്തുപറയുന്നു.  

ബിജെപിയെ തോൽപിക്കാൻ ഒറ്റക്കെട്ടാവുകയും സമവായത്തിലൂടെ പാസാക്കുകയും ചെയ്ത രാഷ്ട്രീയപ്രമേയത്തിലും സി പി എമ്മിലെ തർക്കങ്ങൾ അവസാനിക്കുന്ന ലക്ഷണമില്ല. യച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ നിലപാടിനാണ് മേൽക്കൈയ്യെന്ന വ്യാഖ്യാനം വാർത്താസമ്മേളന ത്തിൽ ബൃന്ദാ കാരാട്ട് തള്ളി. പാസായത് കാരാട്ടിന്റെ കരട് രേഖയോ യച്ചൂരിയുടെ നിലപാടോ അല്ല. തിരുത്തിയ രേഖയാണ്. കോൺഗ്രസുമായി ഏതെങ്കിലും തരത്തിൽ സഖ്യത്തിനോ നീക്കുപോക്കിനോ രാഷ്ട്രീയപ്രമേയം ഇടം നൽകുന്നില്ല. സി പി എമ്മിനോ ഇടതുകക്ഷികൾക്കോ സ്ഥാനാർഥികളില്ലാത്തയിടങ്ങളിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസsക്കമുള്ളവർക്ക് വോട്ട് ചെയ്യും. അതൊരു പുതിയ നയമേയല്ല.

രാഷ്ട്രീയപ്രമേയത്തിന്റെ കരടിൽ ഭേദഗതി വരുത്തിയതോടെ യച്ചൂരി ജയിച്ചെന്നും കാരാട്ട് തോറ്റെന്നുമുള്ള വാദങ്ങൾ കാരാട്ട് പക്ഷത്തെ അസ്വസ്ഥമാക്കുന്നതിന്റെ തെളിവാണ് ബൃന്ദാ കാരാട്ടിന്റെ പരസ്യ പ്രതികരണം. അത് തിരിച്ചറിഞ്ഞാണ് ആരും ജയിച്ചിട്ടും തോറ്റിട്ടുമില്ലെന്ന് യച്ചൂരി പറഞ്ഞത്.