ബംഗലൂരിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി രാഹുൽ ദ്രാവിഡ്

കോടികളുടെ തട്ടിപ്പ് നടത്തിയ ബെംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ്. വിക്രം ഇൻവസ്റ്റ്മെന്‍റ്സ് എന്ന സ്ഥാപനം ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിനോടകം മുന്നൂറോളം പേർ കമ്പനിക്കെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്.  

ബെംഗളൂരുവിലെ വിക്രം ഇൻവസ്റ്റ്മെന്‍റ്സ് കമ്പനിയിൽ നിക്ഷേപിച്ച പന്ത്രണ്ട് കോടി രൂപ തിരിച്ചുകിട്ടുന്നില്ലെന്ന ഒരു വ്യവസായിയുടെ പരാതിയിലൂടെയാണ് വൻ തട്ടിപ്പ് പുറത്തായത്. നിക്ഷേപത്തിന്റെ 35 ശതമാനത്തോളം അധികം തുക വർഷത്തിൽ തിരിച്ചുനൽകുമെന്ന വാഗ്ദാനം കണ്ടാണ് പലരും പണമിറക്കിയത്. രാഹുല്‍ ദ്രാവിഡും സൈന നേഹ്‍വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡിന്റെ പരാതി .കമ്പനി മാനേജറും മുൻ സ്പോർട്സ് ലേഖകനുമായ സുത്രം സുരേഷ് വാഗ്ദാനം നൽകിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 20 കോടി രൂപ നിക്ഷേപിച്ച രാഹുൽ ദ്രാവിഡിന് ആറ് വർഷത്തിനിടെ 12 കോടി മാത്രമാണ് തിരിച്ചുനൽകിയത്. ദ്രാവിഡിന്‍റെ ഭാര്യ വിജേതയുടെ പേരിലും നിക്ഷേപമുണ്ട്. സൈന നേഹ്‍വാളിന് ഒന്നരക്കോടിയാണ് നിക്ഷേപമെന്നും പകുതി തുക മാത്രമാണ് കമ്പനി അവർക്ക് തിരിച്ചുനൽകിയതെന്നും പൊലീസ് പറയുന്നു. ബാഡ്മിന്‍റൺ ഇതിഹാസം പ്രകാശ് പദുക്കോണും മുൻ കർണാടക ക്രിക്കറ്റ് താരം അവിനാഷ് വൈദ്യയും തട്ടിപ്പിന് ഇരകളായെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരാരും പരാതി നൽകുകയോ പണം നിക്ഷേപിച്ചതായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കമ്മോഡിറ്റി നിക്ഷേപത്തിലേക്കാണ് പണം സ്വീകരിച്ചത്. കളളപ്പണം നിക്ഷേപിച്ചതുകൊണ്ടാണ് പലരും പരാതി നൽകാത്തത് എന്നാണ് പൊലീസിന്‍റെ നിഗമനം.