യെച്ചൂരിയുടെ കോൺഗ്രസ് ചായ്‌വിൽ സിപിഎമ്മിനു അതൃപ്തി

കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടും ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ സിപിഎമ്മില്‍ അതൃപ്തി. ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ കാരട്ട് പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ചു. ബിജെപിയെ നേരിടാന്‍ വിശാലസഖ്യം വേണമെന്ന കോണ്‍ഗ്രസ് പ്രമേയം സിപിഎമ്മിനകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരപാര്‍ട്ടികളുമായി സഹകരണമെന്ന സീതാറാം യച്ചൂരിയുടെ ലൈന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം വോട്ടിനിട്ട് തള്ളിയിരുന്നു. ഇതിന് പിന്നാലെ ബംഗാള്‍ സംസ്ഥാനസമ്മേളനത്തിലടക്കം കോണ്‍ഗ്രസ് സഹകരണമെന്ന നിലപാട് യച്ചൂരി ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ യച്ചൂരിയുടെ ഈ നിലപാടിനെതിരെ കാരാട്ട് പക്ഷം വിമര്‍ശനം ഉന്നയിച്ചു. കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യച്ചൂരി സ്വീകരിക്കുന്ന സമീപനം ഒഴിവാക്കേണ്ടതാണെന്നാണ് അഭിപ്രായം. പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും യച്ചൂരിക്കെതിരെ വിമര്‍ശനമുണ്ട്. വിശാലസഖ്യമെന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രമേയം പാര്‍ട്ടി ചര്‍ച്ചചെയ്യും. 

അംഗത്വത്തിന്‍റെ കാര്യത്തില്‍ കേരള ഘടകത്തിന് ആശ്വാസകരമായ നിലയാണ്. ബിഎസ്പിയും എസ്പിയും സഖ്യംതുടരുന്നിടത്തോളം പിന്തുണയ്ക്കുമെന്നാണ് സിപിഎം നിലപാട്. രാജ്യവ്യാപകമായി കര്‍ഷകസമരങ്ങള്‍ സജീവമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.