നേർക്കുനേർ അങ്കം കുറിച്ച് ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും

കോൺഗ്രസ് അപ്രസക്തമായതോടെ സിപിഎമ്മും ബിജെപിയും സംസ്ഥാന ഭരണത്തിനായി നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പാണ് ത്രിപുരയില്‍.  ത്രിപുരയുടെ പരിവർത്തനം ബിജെപിയിലൂടെ, എന്ന മുദ്രാവാക്യവുമായി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

ഇരുപത്തിയഞ്ചു വർഷമായി ത്രിപുര ഭരിക്കുന്ന ഇടതുപക്ഷസർക്കാരിന്‌ ആദ്യമായാണ് ബിജെപി തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയാകുന്നത്. ത്രിപുരയിലെ വികസനമാണ് പ്രധാന ചർച്ചാവിഷയമെങ്കിലും ഇരു പാർട്ടികളുടെയും പ്രചാരണരീതികൾ വ്യത്യസ്തമാണ്. പതിവുപോലെ വീടുകയറിയുള്ള പ്രചാരണവും മുഖ്യമന്ത്രി മണിക്‌ സർക്കാർ നേതൃത്വം നൽകുന്ന കൂറ്റൻ റാലികളുമാണ് സിപിഎമ്മിന്റെ രീതി.

പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ആരോപണങ്ങൾക്ക് മറുപടി നൽകുന്ന പ്രസംഗങ്ങൾക്ക് കര്ഷകരുൾപ്പെടുന്ന ജനമാണ് കേൾവിക്കാർ. എന്നാൽ, ത്രിപുരയിലെ ജനങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത റോഡ് ഷോകളാണ് ബിജെപിയുടെ പ്രചാരണ രീതി.

മണിക് സർക്കാരിന്റെ കാലത്ത് ത്രിപുരയിൽ വികസനം എത്തി നോക്കിയിട്ടില്ല, സ്ത്രീകൾ സുരക്ഷിതരല്ല, തൊഴിലില്ലായ്മ രൂക്ഷമായി എന്നീ ആരോപണങ്ങളാണ്‌ ബിജെപി ദേശീയ അധ്യക്ഷൻ മുന്നോട്ട് വയ്ക്കുന്നത്. 1977 ലെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനത പാർട്ടിയും കോൺഗ്രസ്സ് ഫോർഡമോക്രാറ്റിക് പാർട്ടിയും അധികാരത്തിൽ വന്നത് ഒഴിച്ചാൽ ത്രിപുരയിൽ ഇതുവരെ കണ്ടത് സിപിഎം കോൺഗ്രസ്സ് പോരാട്ടമായിരുന്നു. പാർട്ടിയിലെകൊഴിഞ്ഞുപോക്കാണ് കോൺഗ്രസ് നേരിടുന്ന പ്രധാനവെല്ലുവിളി. ബിജെപിക്കായി രംഗത്തിറങ്ങുന്ന 51 സ്ഥാനാർഥികളിൽ 47 പേരും മുൻകോൺഗ്രസ് നേതാക്കളായിരുന്നുവെന്നത് കോൺഗ്രസിന്റെ ത്രിപുരയിലെ അപചയത്തിന്റെ നേർസാക്ഷ്യമാണ്.