ജി.എസ്.ടിയും നോട്ടുഅസാധുവാക്കലും വ്യാപാരമേഖലയെ ബാധിച്ചെന്ന് ബി.ജെ.പി

ജി.എസ്.ടിയും നോട്ടുഅസാധുവാക്കലും ചെറുകിട, ഇടത്തരം വ്യാപാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന്, തുറന്ന് സമ്മതിച്ച് ബി.ജെ.പി. ബജറ്റിലൂടെ പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ദേശീയവക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതോടൊപ്പം സംരഭകര്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ചെറുകിട വ്യാപാരികള്‍ ആവശ്യപ്പെടുന്നു. 

നോട്ടുഅസാധുവാക്കല്‍ തളര്‍ത്തിയ ചെറുകിടമേഖല ,ജി.എസ്.ടിയിലൂടെ പൂര്‍ണമായും തകര്‍ന്നുവെന്ന വ്യാപാരികളുടെ ആശങ്ക ഗൗരവകരമാണെന്ന് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പറയുന്നു. ഇതു മറികടക്കാനുള്ള പരിഹാര നടപടികള്‍ ബജറ്റില്‍ ഉണ്ടാകണം. നിലവില്‍ സര്‍ക്കാരിനുമുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. 

വിപണിയിലെ മാന്ദ്യം മറികടക്കാന്‍ ഉല്‍പ്പനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഒാരോവര്‍ഷവും ശരാശരി പത്തുലക്ഷം പേരാണ് കാര്‍ഷിക മേഖല വിട്ട് ചെറുകിട വ്യാപാരമേഖലയെ ആശ്രയിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് പരിഹാരമാര്‍ഗം.

പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും പ്രതിസന്ധിയാണ്. ഇന്‍പുട്ട് ടാക്സ് തിരികെ ലഭിക്കാത്തതും വ്യാപാരികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. കയറ്റുമതിമേഖലയിലെ പ്രതിസന്ധിയും രൂക്ഷമാണ്. ചെറുകിട, ഇടത്തരം വ്യാപാരമേഖലയില്‍ ജി.എസ്.ടി കൗണ്‍സിലിന്‍റെ ശ്രദ്ധ വേണ്ടവിധത്തില്‍ പതിയുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെ ബജറ്റിലാണ് ഇനി വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ.