തമിഴ്നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ദേമാതരം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും മാസത്തില്‍ ഒരു ദിവസം ആലപിക്കണം. വന്ദേമാതരം തമിഴിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും വന്ദേമാതരം ആലപിക്കണം. അതിന് തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെല്ലാം മാസത്തില്‍ ഒരു ദിവസം വന്ദേമാതരം ആലപിക്കണമെന്നും കോടതി വ്യക്തമാക്കി. വന്ദേമാതരം തമിഴിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ ആലപിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൃത്യമായ കാരണം വ്യക്തമാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2013ല്‍ നടത്തിയ അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഈ ഉത്തരവ്. വന്ദേമാതരം ഏത് ഭാഷയിലാണ് ആദ്യം രചിച്ചത് എന്നായിരുന്നു ചോദ്യം.
പരീക്ഷാര്‍ഥി ബംഗാളി എന്ന് ഉത്തരമെഴുതി. എന്നാല്‍ പരീക്ഷയുടെ ഉത്തരസൂചികയില്‍ സംസ്കൃതം എന്നാണ് നല്‍കിയത്. ഇതിനാല്‍ ഒരു മാര്‍ക്കിന് റാങ്ക്ലിസ്റ്റില്‍ നിന്നും പരീക്ഷാര്‍ഥിയായ കെ.വീരമണി. പുറത്തായി. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ഇത്തരമൊരു വിധിയിലേക്ക് എത്തിച്ചത്. വന്ദേമാതരം ആദ്യം രചിച്ചത് ബംഗാളി ഭാഷയിലാണെന്നും കോടതി തീര്‍പ്പ് കല്‍പ്പിച്ചു.