എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി യാത്രക്കാര്‍. 168 യാത്രക്കാരുമായി ബംഗാളില്‍ നിന്നു ഡല്‍ഹിയിലേക്ക് പറന്ന എെഎ 880 വിമാനത്തിലായിരുന്നു ദുരിതയാത്ര. വിമാനം പുറപ്പെട്ട ശേഷമാണ് എയര്‍ കണ്ടീഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചത്.
വിമാന ജീവനക്കാരോട് യാത്രക്കാര്‍ പരാതി പറഞ്ഞെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ശ്വാസം കിട്ടാതെ വിഷമിച്ച ചിലര്‍ ഒാക്സിജന്‍ മാസ്കുകള്‍ ധരിച്ചെങ്കിലും ഇവയും പ്രവര്‍ത്തിച്ചില്ല. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. യാത്രക്കാര്‍ മാസികകളും പത്രങ്ങളും ഉപയോഗിച്ച് വീശുന്നതും പരാതി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.