അധിക ഭക്ഷണം കൂടുതൽ പേരിലേക്ക് എത്തിക്കും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്

food-to-more-people
SHARE

എമിറേറ്റിൽ അധികം വരുന്ന ഭക്ഷണം കൂടുതൽ പേരിലേക്ക്  എത്തിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്.  50 ലക്ഷം പേർക്ക്  കൂടി ഗുണകരമാവുന്ന സംരംഭം തുടങ്ങിയത് പത്നി ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂമാണെന്ന് ദുബായ് ഭരണാധികാരി അറിയിച്ചു.  

എമിറേറ്റിൽ മിച്ചം വരുന്ന ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനൊപ്പം അത് അർഹരായവരിലേക്ക് എത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ  പദ്ധതി പ്രഖ്യാപിച്ചത്. പ്രിയ പത്നി ഷെയ്ഖ ഹിന്ദ് ബിന്ത് മക്തുമാണ് സംരംഭം തുടങ്ങിയതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. ദുബായിലെ 350 ഹോട്ടലുകളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളുമായി സഹകരിച്ച്, എമിറേറ്റ്സ് ഫുഡ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനകം മൂന്നരകോടി ജനങ്ങൾക്ക് ഫുഡ് ബാങ്ക് വഴി സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. അൻപത് ലക്ഷം പേരിലേക്ക് ഭക്ഷണം എത്തിക്കാൻ അയ്യായിരം വോളന്റിയർമാരെ സജ്ജാമാക്കിയിട്ടുണ്ട്.  

പത്നി ഷെയ്ഖ ഹിന്ദ് ദാനധ‍ർമത്തിൽ എന്നും മാതൃകയാണെന്നും നന്മയുടെ പാതയിലെ തന്റെ സഹയാത്രികയാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഒപ്പം തൻ‍റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സന്തോഷത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം റമസാൻ കാലത്ത് ഒൻപത് ലക്ഷത്തി എണ്ണായിരം കിലോ ഗ്രാം ഭക്ഷണമാണ് പാഴാക്കാതെ എമിറേറ്റ്സ് ഫുഡ് ബാങ്ക് അർഹരായവരിലേക്ക് എത്തിച്ചത്. യുഎഇയിൽ ഏകദേശം 40 ശതമാനം ഭക്ഷണം പ്രതിവർഷം പാഴാകുന്നുണ്ടെന്നാണ് 2023-ൽ നടത്തിയ സർവേ വ്യക്തമാക്കുന്നത്. 600 കോടി ദിർഹമാണ് ഇതുവഴിയുള്ള ചെലവ്. ദുബായിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി കോപ് 28ൽ ആണ് സർവേ ഫലം പുറത്തുവിട്ടത്. 2027ഓടെ ഭക്ഷണം പാഴാകുന്നത് 30 ശതമാനം കുറയ്ക്കുകയാണ് ദുബായുടെ ലക്ഷ്യം.

Dubai has announced a new plan to deliver excess food to more people

MORE IN GULF
SHOW MORE