ന്യൂ ഇയർ; ഒരാഴ്ചക്കിടെ 12 ലക്ഷത്തിലേറെ പേര്‍; ദുബായിൽ സന്ദർശകപ്രവാഹം

UAE-NEW YEAR
Burj Khalifa skyscraper, the world’s tallest building, is lit up in Dubai at midnight on new year's eve
SHARE

ന്യൂ ഇയർ അവധികാലത്ത് ദുബായിൽ സന്ദർശകപ്രവാഹം.. ഒരാഴ്ചക്കിടെ 12 ലക്ഷത്തിലേറെ പേരാണ് ദുബായിലെത്തി മടങ്ങിയതെന്നാണ് ദുബായിലെ ജിഡിആർഎഫ്എയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

കണ്ടും കേട്ടുമറിഞ്ഞ പുതുവർഷാഘോഷങ്ങളിലെ വെടിക്കെട്ടും ഡ്രോൺഷോയുമെല്ലാം ആസ്വദിക്കാൻ ഇക്കുറിയും വൻ ജനാവലിയാണ് ദുബായിലേക്ക് എത്തിയത്. ഒരാഴ്ചക്കിടെ വന്ന് പോയവരുടെ കണക്ക് മാത്രം മതി ലോകം ദുബായിയേയും എമിറേറ്റ് കാത്ത് ആഘോഷങ്ങളെയും എത്ര കണ്ട് മതിക്കുന്നുവെന്നറിയാൻ.  

2023 ഡിസംബർ 27 മുതൽ 2024 ജനുവരി 1 വരെയുള്ള ആറ് ദിവസങ്ങളിൽ 12 ലക്ഷത്തിലേറെപേരാണ് കര - നാവിക, വ്യാമ  മാർഗങ്ങളിലൂടെ ദുബായിൽ വന്ന് മടങ്ങിയത്. ഡിസംബർ 30ന് മാത്രം 2,24,380 യാത്രക്കാരാണ് എത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. വ്യോമ മാർഗം മാത്രം പതിനൊന്നര ലക്ഷത്തി നാൽപതിനായിരം പേരാണ് എത്തിയത്. ഹത്ത അതിർത്തിയിലൂടെ 76,376 പേരും  ജലമാർഗം 27,108 പേരും  എത്തിയെന്ന് കണക്കുകൾ പറയുന്നു. 

ലോകമെമ്പാടുമുള്ള ജനങ്ങളുടെ എക്കാലത്തെയും ഇഷ്ടകേന്ദ്രമാണ് ദുബായെന്ന് വ്യക്തമാക്കുന്നതാണ് സ്ഥിതിവിവരക്കണക്കുകളെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ദശലക്ഷത്തിലേറെ ആളുകൾ പുതുവർഷാഘോഷത്തിന് ദുബായ് തിരഞ്ഞെടുത്തതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും അസാധാരണമായ ആതിഥ്യമര്യാദയും വൈവിധ്യമാർന്ന ആകർഷണങ്ങളും കൊണ്ട് ദിനംപ്രതി ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഹൃദയങ്ങളെ കീഴടക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ദുബായ്.

MORE IN GULF
SHOW MORE