ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ദുബായിൽ നിരോധിച്ചു

dubai-plastic
SHARE

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം ദുബായിൽ നിലവിൽ വന്നു. ഇത്തരം ബാഗുകളുടെ ഇറക്കുമതിയും വിപണനവുമാണ് വിലക്കിയത്. ഇന്നലെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച് ഉത്തരവിറക്കിയത്.  

യുഎഇയുടെ ദേശീയ സുസ്ഥിരതാ ഡ്രൈവിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഘട്ടംഘട്ടമായി നിരോധിക്കുന്നത്. ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾക്കും റീസൈക്കിൾ ചെയ്തവയ്ക്കും നിരോധനം ബാധകമാണ്.  ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, പഴം, പച്ചക്കറി പൊതിയാൻ ഉപയോഗിക്കുന്നവ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച പാക്കേജിങ് സാമഗ്രികൾ എല്ലാം ഇതിൽ ഉൾപ്പെടും. അതേസമയം മാംസം, മൽസ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യം ബ്രഡ് എന്നിവയുടെ കയറ്റുമതിക്കും പുനർകയറ്റുമതിക്കുമായി ഉപയോഗിക്കുന്ന പ്ലാസിറ്റിക്കിന് വിലക്കില്ല. 

നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. ഇത്തരത്തിൽ 2000 ദിർഹം വരെ പിഴ ഈടാക്കും. അടുത്ത വർഷം ജനുവരി ഒന്നോടെ ഒറ്റത്തണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകൾ, സ്ട്രോ, ടേബിൾ തുടങ്ങിയവ പൂർണമായി നിരോധിക്കാനാണ് പദ്ധതി. 2026 ജനുവരി ഒന്ന്  മുതൽ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾവെയർ, പാനീയ കപ്പുകൾ, അവയുടെ പ്ലാസ്റ്റിക് മൂടികളും കൂടി നിരോധിക്കും. 

അബുദാബിയിൽ കഴിഞ്ഞവർഷവും ഉമ്മൽ കുവൈനും അജ്മാനും ഈ വർഷവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു.  ദുബായിൽ ജൂലൈയിലും ഷാർജയിൽ ഒക്ടോബറിലും അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യക്കാർക്ക് ബാഗ് ഒന്നിന്ന് 25 ഫിൽസ് ഈടാക്കിയാണ് നൽകിയിരുന്നത്.  

Single use plastic bags and products banned from January 1, 2024 in Dubai

MORE IN GULF
SHOW MORE