ദുബായിയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും അഞ്ചുവർഷം വരെ തടവും ശിക്ഷ ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഔദ്യോഗീക ചിഹ്നം ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവാണ് ശിക്ഷ. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ഈടാക്കും.
എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗീക ചിഹ്നം. നിയമത്തിന് അനുസൃതമായി സർക്കാർ സ്ഥാപനങ്ങളിലും രേഖകളിലും വെബ്സൈറ്റിലും ഔദ്യോഗീക പരിപാടികളിലും ചിഹ്നം ഉപയോഗിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ദുബായ് ഭരണാധികാരിയിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയിൽ നിന്നോ മുൻകൂട്ടി അനുമതി വാങ്ങിയശേഷം ഔദ്യോഗീക ചിഹ്നം ഉപയോഗിക്കാം. അനുമതിയില്ലാതെ ആരെങ്കിലും ഔദ്യോഗീക ചിഹ്നം ഉപയോഗിക്കുന്നുണ്ടെങ്കിൽ മുപ്പത് ദിവസത്തിനകം അത് നിർത്തണമെന്നും നിയമത്തിൽ പറയുന്നു.
Mohammed bin Rashid issues Law on Dubai's emblem