dubai-road-project-02

TAGS

 

ദുബായിൽ വമ്പൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ദുബായ് മീഡിയാ സിറ്റി, ഇന്റർനെറ്റ് സിറ്റി, അൽബർഷ തുടങ്ങിയ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹെസ്സ സ്ട്രീറ്റിലാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വൻ വികസന പദ്ധതി നടപ്പാക്കുന്നത്. ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിക്ക് 68.9 കോടി ദിർഹം അനുവദിച്ചു. 

 

ഷൈഖ് സയിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസായേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിങ്ങനെ നാല് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാതയാണ് ഹെസ്സ സ്ട്രീറ്റ്. ഷെയ്ഖ് സയിദ് റോഡ് മുതൽ അൽ ഖൈൽ സ്ട്രീറ്റ് വരെയുള്ള നാലരകിലോമീറ്ററാണ് വികസിപ്പിക്കുന്നത്. ഇതോടെ ഈ നാല് റോഡുകളെ ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷനുകളുടെ വികസനത്തിനും പദ്ധതി വഴിവയ്ക്കും. നിലവിലെ നാലുവരി പാത എട്ടുവരിയാക്കി മാറ്റും. ഇരുവശത്തേക്കും നാലു ട്രാക്കുകൾ വീതം ഉണ്ടാകും. ഓരോ ഭാഗത്തേക്കും മണിക്കൂറിൽ എണ്ണായിരം വാഹനങ്ങൾ കടന്നുപോകാവുന്ന വിധത്തിലാണ് പദ്ധതി പൂർത്തിയാക്കുക.  

 

ഇതിനൊപ്പം പതിമൂന്നര കിലോമീറ്റർ സൈക്കിൾ ട്രാക്കും ഉണ്ടാകും. നാലരമീറ്റർ വീതിയിലാണ് സൈക്കിൾ ട്രാക്ക് ഒരുക്കുന്നത്. ഇതിൽ രണ്ട് മീറ്റർ കാൽനടയാത്രക്കാർക്കായ് മാറ്റിവയ്ക്കും. സൈക്കിൾ കാൽനടയാത്രക്കാർക്കായ് ഷൈഖ് സായിദ് റോഡിലും അൽ ഖൈൽ റോഡിലും രണ്ട് പാലങ്ങളും ഉണ്ടായിരിക്കും. അൽ സുഫൂഹിനെ ദുബായ് ഹിൽസുമായി ബന്ധിപ്പിക്കുന്നാതണ് ട്രാക്ക്. ഇതോടെ അൽ ബർഷ, അൽ സുഫൂഹ്, ബർഷ ഹൈറ്റ്സ് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇത് ഏറെ സൗകര്യപ്രദമാകും. റോഡിലെ പ്രധാന റൗണ്ട് അബൗട്ടുകളും സിഗ്നലുകളും ഇതിന്റെ ഭാഗമായി വികസിപ്പിക്കും.  2030 ആകുമ്പോഴേക്കും ഈ മേഖലയിലെ താമസക്കാരുടെ എണ്ണം  ആറര ലക്ഷത്തോളമാകുമെന്നാണ് വിലയിരുത്തൽ.. ഇതുകൂടി കണക്കിലെടുത്താണ് വികസനപ്രവർത്തനങ്ങളെന്ന് ആർടിഎ ചെയ‍ർമാൻ മതാർ അൽ തായിർ അറിയിച്ചു.

 

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെയും അൽ ഖൈൽ റോഡിന്റെയും വീതികൂട്ടലും ഹെസ്സ സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ്, അൽ ബർഷ എന്നിവയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള മേൽപ്പാലത്തിന്റെ നിർമാണവും ഉൾപ്പെടുന്ന ആർടിഎയുടെ മുൻ വികസനപ്രവർത്തനങ്ങളെ കൂടുതൽ ഫലവത്താക്കുന്നതാണ് ഹെസ്സ സ്ട്രീറ്റിലെ വികസന പദ്ധതി.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. കിരീടാവകാശി ഷൈഖ് ഹംദൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും മേൽനോട്ടം വഹിക്കും.

 

Dubai road project