കാലാവസ്ഥ ഉച്ചകോടിയോട് അനുബന്ധിച്ച് ദുബായ് എക്സ്പോ സിറ്റിയിലെ രണ്ട് ആകർഷണങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുന്നു. നാളെ (ഒക്ടോബർ ഒന്ന്) മുതൽ റാഷിദ് പ്ലേ ഗ്രൗണ്ടും ഗാർഡൻ ഇൻ ദ സ്കൈയും തുറന്നു പ്രവർത്തിക്കില്ലെന്ന് എക്സ്പോ സിറ്റി അധികൃതർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
നിരീക്ഷണ ടവറും പാർക്കും ചേർന്നതാണ് ഗാർഡൻ ഇൻ ദ സ്കൈ. സന്ദർശകരെ 55 മീറ്റർ ഉയരത്തിലെത്തിച്ച് കറങ്ങും. ആകാശത്തിലെ ഈ പൂന്തോട്ടത്തിലെത്തിയാൽ ദുബായ് നഗരം 360 ഡിഗ്രിയിൽ കാണാം. മെയ് 25ന് പതിവ് അറ്റകുറ്റപ്പണികൾക്കായ് അടച്ച പൂന്തോട്ടം കഴിഞ്ഞ ഓഗസ്റ്റിലാണ് വീണ്ടും സന്ദർശകർക്കായ് തുറന്നത്.
ദുബായ് ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കായിൽ പങ്കെടുക്കാനെത്തുന്നവരെ വരവേൽക്കാൻ, എക്സ്പോ സിറ്റി ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ആകർഷണങ്ങളും താൽക്കാലികമായി പൂട്ടിയത്. എഴുപതിനായിരം പേർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കോപ് 28 ദുബായിൽ നടക്കുക.