
തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ മാത്രമല്ല മൃതദേഹത്തെയും വട്ടംകറക്കി. ദുബായിൽനിന്ന് ഇന്നലെ രാത്രി 8.45നു പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 544 വിമാനമാണ് അനിശ്ചിതമായി വൈകിച്ച് മൃതദേഹത്തോടും അനാദരവ് കാട്ടിയത്.
ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ഇന്നു വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനിരിക്കുകയായിരുന്നു. വിമാനം വൈകിയത് സംസ്കാര ചടങ്ങും അനിശ്ചിതത്വത്തിലാക്കി. വിമാനത്താവളത്തിലെ കാർഗൊ വിഭാഗത്തിൽ അനാഥമായി കിടക്കുകയാണ് മൃതദേഹം. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും മറ്റു 2 ബന്ധുക്കളും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം പറയുന്നത്. അർധരാത്രി രാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലർച്ചെയാകുമെന്നും പറഞ്ഞു. യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരുന്ന് ബഹളം വച്ചപ്പോൾ ഇന്നു ഉച്ചകഴിഞ്ഞേ വിമാനം പുറപ്പെടുവെന്ന് അറിയിക്കുകയായിരുന്നു. അത്യാവശ്യക്കാരെ ഷാർജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ രാത്രി 9.30ന് ദുബായിൽനിന്ന്തന്നെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇന്നു ഉച്ചകഴിഞ്ഞ് വരുന്ന വിമാനത്തിലേ അയക്കാനാകൂ എന്നായിരുന്നു വിമാന ജീവനക്കാരുടെ ശാഠ്യമെന്നും പറയുന്നു. ആ വിമാനവും വരുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും വന്നില്ലെങ്കിൽ ഇന്നു രാത്രി ഇതേ സമയത്തുള്ള വിമാനത്തിൽ അയക്കാമെന്നുമാണ് എയർലൈൻ ജീവനക്കാരുടെ നിലപാട്. എന്നാൽ വെള്ളിയാഴ്ച സംസ്കാരം പറ്റില്ലെന്നും മറ്റു വിമാനത്തിൽ അയക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ വിമാനത്താവളത്തിൽ കുത്തിയിരിക്കുകയാണ്.
വിമാനം വൈകുന്ന വിവരം ജീവനക്കാർ വൈകിട്ട് 3 മണിക്ക് അറിഞ്ഞിട്ടും യാത്രക്കാരെ മുൻകൂട്ടി അറിയിക്കാത്തത് ധിക്കാരപരമാണെന്നും പറഞ്ഞു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ദുബായിൽനിന്നോ ഷാർജയിൽനിന്നോ ഉള്ള വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ച് ആചാരപ്രകാരം നിശ്ചയിച്ച സമയത്ത് സംസ്കരിക്കാമായിരുന്നുവെന്നും എയർലൈൻ ജീവനക്കാരുടെ നിരുത്തരവാദ സമീപനം വല്ലാതെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
Funeral delayed due to flight delay; Relatives protest