സ്ത്രീപീഡനം; മുന്നിൽ ഭർത്താക്കന്മാർ; സംരക്ഷണം ഉറപ്പുവരുത്തി ദുബായ് പൊലീസ്

ഭർത്താക്കന്മാർ പീഡിപ്പിക്കുന്നുവെന്നു കഴിഞ്ഞ വർഷം ലഭിച്ച 93 പരാതികളിൽ 60 സ്ത്രീകൾക്കു പൊലീസ് സംരക്ഷണം നൽകിയതായി ദുബായ് പൊലീസ് മനുഷ്യാവകാശ വകുപ്പ് തലവൻ മേജർ ഡോ.മുഹമ്മദ് അൽമുർ അറിയിച്ചു. ഈ പരാതികളിൽ 34 എണ്ണത്തിൽ വില്ലന്മാർ ഭർത്താക്കന്മാരാണ്. 6 പരാതികളിൽ പിതാവും 3 എണ്ണത്തിൽ സഹോദരന്മാരും 2 പരാതികളിൽ മാതാവുമാണു പ്രതിസ്ഥാനത്ത്. 

സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ മാത്രം ദുബായ് പൊലീസിൽ പ്രത്യേക വിഭാഗമുണ്ട്. ഉറ്റവർക്കിടയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിധി വിടാത്തതാണെങ്കിൽ ഇരുവിഭാഗത്തെയും അനുനയിപ്പിക്കുകയാണ് ആദ്യം ചെയ്യുകയെന്നു മേജർ മുഹമ്മദ് പറഞ്ഞു. എന്നാൽ കയ്യേറ്റം, ദേഹോപദ്രവം, നിയമവിരുദ്ധമായ പെരുമാറ്റങ്ങൾ എന്നിവയിൽ ഉടൻ നടപടിയെടുക്കും. പരാതിക്ക് കാരണക്കാരനായ വ്യക്തിയുടെയും മൊഴി കേട്ട ശേഷമായിരിക്കും നടപടി. കേസിന് കാരണക്കാരനായ ഭർത്താവിൽ നിന്നു ഭാവിയിൽ ആവർത്തിക്കില്ലെന്ന ഉറപ്പ് രേഖാമൂലം വാങ്ങിക്കും. ഇരയ്ക്ക് ആവശ്യമായ സഹായവും നൽകും. 

കേസ് കോടതിയുടെ പരിധിയിലേക്ക് വിടേണ്ടന്നു സ്ത്രീ അഭ്യർഥിക്കുമ്പോഴും പരുക്ക് നിസാരമാണെങ്കിലും പ്രതിയിൽ നിന്നു രേഖാമൂലമുള്ള ഉറപ്പ് വാങ്ങും. അനുനയത്തിനു വഴങ്ങാതെ വാശിയും എതിർപ്പും പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളിലാണ് കേസ് അന്തിമ തീർപ്പിനായി കോടതിയിലേക്കു നീങ്ങുക.