വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന ആഘോഷം; ഷാർജയില്‍ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം

ഷാർജയിൽ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം. ഷാർജ ഭരണാധികാരി ഷൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുകൂടിയാണ് ഷാർജ ബുക്ക് അതോറിറ്റി വർഷംതോറും കുട്ടികളുടെ വായനോത്സവം സംഘടിപ്പിക്കുന്നത്.

കുട്ടികൾക്കുവേണ്ടിയുള്ള വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന വലിയ ആഘോഷം. അതാണ് ഷാർജ വായനോൽസവം. ആഗോള സാഹിത്യസംഗമ വേദി. ലോകമെങ്ങുമുള്ള ബാലസാഹിത്യത്തിന്റെ ഏറ്റവും പുതിയ പതിപ്പുകളും ഇവിടെ അവതരിപ്പിക്കും. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരും നിരൂപകരുമായി 290 വിശിഷ്ടാതിഥികളും മേളയിലെത്തും. കൂടാതെ 1400 - ലേറെ സാംസ്‌കാരിക പരിപാടികളുമുണ്ടായിരിക്കും.  

ആനിമേഷൻ പ്രദർശനങ്ങൾ, പ്രഭാഷണം, കഥപറച്ചിൽ സെഷനുകൾ തുടങ്ങിയവയും ഈ വായനാദിനങ്ങളിലുണ്ടാവും.  കുട്ടികളുടെ നാടകം, കുക്കറി ഷോ, ശിൽപശാലകൾ, പ്രകാശനങ്ങൾ എന്നിവ വേറെയും. 75 രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും പ്രസാധകരും പന്ത്രണ്ട് ദിവസത്തെ മേളയുടെ ഭാഗമാകും.  നൂറിലധികം അറബ് പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, ഇന്ത്യയിൽ നിന്ന് എട്ടു പുസ്തക പ്രസാധകരുമുണ്ട്.