‘പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ’; ഭരണമികവിന്റെ 17 ആണ്ട്; സ്വപ്നം പങ്കുവച്ച് ഷെയ്ഖ് മുഹമ്മദ്

Sheikh-Mohammed
SHARE

സർക്കാർ എന്നാൽ, അതിഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഹോട്ടലുകൾ പോലെ സ്വീകരണ മനോഭാവമുള്ളതും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനങ്ങൾ പോലെ സജീവവുമാകണം എന്നതാണ് തന്റെ സ്വപ്നമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.

അധികാരമേറ്റതിന്റെ 17-ാം വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് സർക്കാരിന്റെ സജീവത സംബന്ധിച്ചു ഷെയ്ഖ് മുഹമ്മദ് സ്വപ്നം പങ്കുവച്ചത്. ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ. പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്ന സ്വന്തം വാക്കുകൾ ഓർമപ്പെടുത്തിയാണ് വാർഷിക ആഘോഷത്തിന്റെ വിഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ 17 വർഷം എന്നതു യുഎഇയുടെ അനുഗ്രഹമാണെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

17 വർഷത്തിനിടെ 440 മന്ത്രിസഭാ യോഗങ്ങൾക്ക് അദ്ദേഹം അധ്യക്ഷത വഹിച്ചു. 10000 ഉത്തരവുകൾ പുറപ്പെടുവിച്ചു. 66 മന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചു. വിദേശികളെ സ്വാഗതം ചെയ്യാനും യുഎഇയുടെ നിർമാണത്തിൽ പങ്കാളികളാക്കാനും പ്രഖ്യാപിച്ച വീസകളെക്കുറിച്ചു ദുബായ് ഭരണാധികാരി വീണ്ടും ഓർമപ്പെടുത്തി.

ഗോൾഡൻ വീസ, ജോബ് സീക്കർ വീസ, ബിസിനസ് എക്സ്പ്ലറേഷൻ വീസ, മെഡിക്കൽ ട്രീറ്റ്മെന്റ് എൻട്രി വീസ, സ്റ്റഡി വീസ, മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ, ട്രാൻസിറ്റ് വീസ, വിസിറ്റ് വീസ, ജിസിസി റസിഡന്റ് ഇ വീസ, താൽക്കാലിക വർക്ക് പെർമിഷൻ വീസ, ഡിപ്ലോമാറ്റിക് വീസ എന്നിവയാണ് യുഎഇ ഇപ്പോൾ നൽകുന്നത്. ഒരു രാജ്യത്തിന്റെ സ്വീകാര്യതയുടെ തെളിവുകളാണ് ഈ വീസകളെന്നും അദ്ദേഹം പറഞ്ഞു.

UAE Cabinet marks 17th anniversary of Sheikh Mohammed bin Rashid as Prime Minister

MORE IN GULF
SHOW MORE