രണ്ടു കോടിയോളം രൂപ ഒളിപ്പിച്ചത് ചവറ്റുകുട്ടയിൽ; നാട്ടിൽ പോയി വന്നപ്പോൾ ഒന്നുമില്ല

അറബ് സ്ത്രീ അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോൾ രണ്ടു കോടിയോളം രൂപ (8,15,000 ദിർഹം) ഒളിപ്പിച്ചുവച്ചത് സ്വന്തം വില്ലയുടെ ടെറസിലെ ചെറിയ ചവറ്റുകുട്ടയിൽ. തിരിച്ചു വന്നപ്പോൾ പണം നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീയുടെ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ, വില്ലയിൽ അറ്റകുറ്റപ്പണികൾക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവരെ കോടതി തടവിന് ശിക്ഷിച്ചു. 

ദുബായിലെ ഒരു വില്ലയിലാണ് സംഭവം. ഒരു അറബ് സ്ത്രീയാണ് പണം മോഷണം പോയതായി കാണിച്ച് പൊലീസിൽ പരാതി നൽകിയത്. അന്വേഷണ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി തെളിവുകൾ ശേഖരിച്ചു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. വില്ലാ കോംപ്ലക്‌സ്  മെയിന്റനൻസ് കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് എസി അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തിയ രണ്ടു തൊഴിലാളികൾ മോഷണം നടത്തുന്നത് കണ്ടെത്തി. തുടർന്ന് രണ്ടു തൊഴിലാളികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

താനും സഹപ്രവർത്തകനും ചവറ്റുകുട്ടയിൽ 8,15,000 ദിർഹം കണ്ടെത്തിയതായി ഒന്നാം പ്രതി ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. പണം ഇരുവരും പങ്കിടാൻ തീരുമാനിച്ചു. നാട്ടിലെ തന്റെ കുടുംബത്തിന് 3,45,000 ദിർഹം, 3,22,000 ദിർഹം വീതം അയച്ചതായി പ്രതികൾ സമ്മതിച്ചു. രാജ്യത്തിനു പുറത്തേക്ക് അയച്ച പണം പിന്നീട് കണ്ടെടുത്തു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളികളെ കുറ്റക്കാരായി കണ്ടെത്തുകയും ഇവരെ മൂന്നും മാസം വീതം തടവിന് ശിക്ഷിക്കുകയും ചെയ്തു. പിന്നീട് ഇവരെ നാടുകടത്തും. ഇരുവർക്കും 1,65,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.