ബഹ്റൈൻ രാജകുടുംബത്തിന്റെ ഓണാഘോഷം; മനാമയിലെ കൊട്ടാരത്തിൽ മലയാളത്തനിമ

ഓണം ആഘോഷിച്ച് ബഹ്റൈൻ രാജകുടുംബം. ബഹ്റൈൻ ഭരണാധികാരിയുടെ മകനും റോയൽ ഗാർഡ് പ്രത്യേക സേനാ കമാൻഡറുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചത്.  മനാമയിലെ കൊട്ടാരത്തിലായിരുന്നു ആഘോഷം.

മലയാളത്തനിമയുള്ള കാഴ്ചകളൊരുക്കിയാണ് ബഹ്റൈൻ രാജകുമാരൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ  ഓണാഘോഷത്തിൻറെ മുഖ്യാതിഥിയായി ഓഫീസിലെ ജീവനക്കാർ സ്വീകരിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയ ഓണോഘോഷം. 

നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിലെ ഓണാഘോഷത്തിൻറെ തുടക്കം. തുടർന്ന് തിരുവാതിര,മോഹിനിയാട്ടം, മാർഗംകളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾ.ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ഷെയ്ഖ് നാസർ, ഓണത്തിൻറെ ഐതിഹ്യപ്പെരുമയും ദൃശ്യാവിഷ്കാരങ്ങളുടെ കഥകളുമൊക്കെ ചോദിച്ചറിഞ്ഞു. ഓണത്തിൻറെ ചരിത്രവും മലയാളികൾ ആഘോഷിക്കുന്ന രീതിയുമൊക്കെ ഓഫിസിലെ മലയാളി ജീവനക്കാർ ഷെയ്ഖ് നാസറിനോട് പങ്കുവച്ചു.

തുടർന്ന് ജീവനക്കാർക്കൊപ്പം ഫൊട്ടോയെടുത്ത് വിശേഷങ്ങൾ പങ്കുവച്ചശേഷമായിരുന്നു മടക്കം. കഴിഞ്ഞവർഷവും ഷെയ്ഖ് നാസർ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചിരുന്നു.