ദുബായിൽ തടവുപുള്ളിയായ മകന് വിഡിയോ കോൾ ചെയ്ത് അമ്മ; അവസരമൊരുക്കി പൊലീസ്

ദുബായിൽ തടവുപുള്ളിയായ മകനോട് വിഡിയോ കോളിലൂടെ സംസാരിക്കാൻ മാതാവിന് അവസരമൊരുക്കി ദുബായ് പൊലീസ്. ജനറൽ ഡിപാർട്മെന്റ് ഒാഫ് പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനിൽ കഴിയുന്ന മകനെ വിഡിയോയിലൂടെ കണ്ടാണ് മാതാവ് സംസാരിച്ചത്.

കോവിഡ് 19 വ്യാപകമായത് മുതൽ മകനോട് സംസാരിക്കാൻ വയോധികയായ മാതാവിന് സാധിച്ചിരുന്നില്ല. ഇതിൽ അവർ ഏറെ ദുഃഖിതയായിരുന്നു. ഇതേ തുടർന്ന് അധികൃതർക്ക് അപേക്ഷ അയക്കുകയായിരുന്നു. ഇത്തരം ആപ്ലിക്കേഷനുകളെക്കുറിച്ച് അറിവില്ലാത്ത അവരെ നേരിട്ട് ചെന്ന് കണ്ട് മകനോട് വിഡിയോ കോളിലൂടെ സംസാരിക്കാനുള്ള സംവിധാനമൊരുക്കാൻ പൊലീസ് പ്രത്യേക സംഘത്തെ തന്നെ നിയമിച്ചു. ഭാവിയിലും ഇൗ ആപ്ലിക്കേഷനിലൂടെ മകനോട് സംസാരിക്കാനുള്ള സംവിധാനവും മൊബൈൽ ഫോണിൽ ഏർപ്പെടുത്തിക്കൊടുത്തു.

ദുബായ് തടവുകാരുടെ കുടുംബാംഗങ്ങൾക്ക് പരസ്പരം സംസാരിക്കാൻ, പ്രത്യേകിച്ച് കോവിഡ് കാലത്ത് സൗകര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ടെന്ന് ജനറൽ ഡിപാർട്മെന്റ് ഒാഫ് പ്യുനിറ്റീവ് ആന്‍ഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ബ്രി.അലി അൽ ഷംസി പറഞ്ഞു. തങ്ങൾക്ക് പരസ്പരം കാണാനും സംസാരിക്കാനും അവസരമൊരുക്കിത്തന്ന ദുബായ് പൊലീസിന് മാതാവും മകനും നന്ദി പറഞ്ഞു.

തടവുകാരുമായി വിഡിയോ കോളിലൂടെ സംസാരിക്കാൻ കുടുംബാംഗങ്ങൾ ദുബായ് പൊലീസ് ആപ്പിലൂടെ അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് അവർക്ക് വിഡിയോ കോൾ ചെയ്യാനുള്ള തിയതിയും സമയവും എസ്എംഎസായി ലഭിക്കും. ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ചെന്ന് തടവുകാരനുമായി സംസാരിക്കാം.