പുതിയ പദ്ധതികളും പരീക്ഷണങ്ങളും; അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം

വിനോദ സഞ്ചാരമേഖലയിലെ ഏറ്റവും വലിയ മേളകളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം. കോവിഡ് കാരണമുള്ള യാത്രാവിലക്കുകളുടെ പശ്ചാത്തലത്തിൽ മേഖല നേരിടുന്ന വെല്ലുവളികളെ അതിജീവിക്കാനുള്ള പദ്ധതികളാണ് മേളയിൽ ചർച്ചയാകുന്നത്. ഇസ്രയേൽ അടക്കം 62 രാജ്യങ്ങളാണ് മേളയുടെ ഭാഗമാകുന്നത്. 

മഹാമാരിയിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന വിനോദ സഞ്ചാരമേഖലയുടെ പുതിയ പദ്ധതികളും പരീക്ഷണങ്ങളും അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ഒന്നര വർഷത്തിനിടെ വിനോദസഞ്ചാരമേഖലയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടി കൂടിയാണിത്. സൗദി അടക്കം ജിസിസി രാജ്യങ്ങളും ബ്രിട്ടൻ, യുഎസ്, ചൈന, മാലിദ്വീപ്, മലേഷ്യ അടക്കം രാജ്യങ്ങളും ഇത്തവണയും വിനോദസഞ്ചാരമേഖലയിലെ പുതിയതും പഴയതുമായ കാഴ്ചകൾ അവതരിപ്പിച്ച് മേളയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇസ്രയേൽ വിനോദസഞ്ചാരമന്ത്രാലയവും വിവിധ കമ്പനികളും മേളയിൽ സജീവമായി രംഗത്തുണ്ട്.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രാവിലക്കുള്ളതിനാൽ ഇന്ത്യയിൽ നിന്നും ഇത്തവണ പങ്കാളിത്തമില്ല. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തും മേള ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമാകാൻ എല്ലാവരേയും ദുബായിലേക്ക് സ്വാഗതം ചെയ്യുന്നതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. https://www.wtm.com/atm എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് ഓൺലൈനായും നേരിട്ടും മേളയുടെ ഭാഗമാകാനാകും. അറേബ്യൻ ട്രാവൽ മാർക്കറ്റ് ബുധനാഴ്ച സമാപിക്കും.