പുതിയ വൈറസ്: ഗള്‍ഫിലും കരുതല്‍; കര, സമുദ്ര, ആകാശ വഴികളടച്ചു

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയും ഒമാനും കുവൈത്തും രാജ്യാന്തര അതിർത്തികൾ അടച്ചു. ഇന്ത്യയിൽ നിന്നടക്കം എല്ലാ രാജ്യാന്തര വിമാനസർവീസുകളും റദ്ദാക്കി. കര, സമുദ്ര, ആകാശ അതിർത്തികൾ ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്.  കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ഭീതിയുണർത്തുന്ന പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

കര, സമുദ്ര, ആകാശ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടയ്ക്കുന്നതായി സൗദി, ഒമാൻ, കുവൈത്ത് ആഭ്യന്തരമന്ത്രാലയങ്ങൾ അറിയിച്ചു. ഈ രാജ്യങ്ങൾ എല്ലാ രാജ്യാന്തര വിമാനസർവീസുകളും റദ്ദാക്കി. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് നീട്ടിയേക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ മാസം എട്ടിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയവർ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. ഒമാനിൽ കാർഗോ ഷിപ്പുകൾക്കും വിമാനങ്ങൾക്കും വിലക്കുണ്ടാകില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. കുവൈത്തിൽ ജനുവരി ഒന്നുവരെയാണ് അതിർത്തികൾ അടച്ചിട്ടത്. വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്നാണ് പ്രാഥമികസൂചന. യുഎഇയിൽ സന്ദർശകവീസയിലുള്ള സൗദി താമസവീസക്കാർക്കും നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് ഉടൻ മടങ്ങാനാകില്ല.